മെല്‍ബണ്‍: ഇന്ത്യാക്കാരിയായ ദന്തഡോക്ടര്‍ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ട നിലയില്‍. പ്രീതി റെഡ്ഡി എന്ന 32കാരിയാണ് കൊല്ലപ്പെട്ടത്. നിര്‍ത്തിയിട്ട കാറിനുള്ളിലെ സ്യൂട്ട് കേസിലാണ് മൃതദേഹം കണ്ടെത്തിയത്. സിഡ്നിയുടെ കിഴക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു കാര്‍. പ്രീതി റെഡ്ഡിയെ കഴിഞ്ഞ ഞായറാഴ്ച മുതലാണ് കാണാതായത്.
ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച ഇവരുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന സ്യൂട്കെയ്സിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്. ശരീരമാകെ കുത്തേറ്റ് കീറി മുറിച്ച നിലയിലായിരുന്നു. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനാണ് പ്രീതി ഇവിടെ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഞായറാഴ്ച രാവിലെ 11 മണിക്കാണ് ഇവര്‍ അവസാനമായി വീട്ടുകാരുമായി ബന്ധപ്പെട്ടത്. വൈകാതെ വീട്ടിലെത്തുമെന്ന് പറഞ്ഞെങ്കിലും പ്രീതി തിരിച്ചെത്തിയില്ല. ഇതോടെയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. ഇതിനിടെ, പ്രീതി റെഡ്ഡിയുടെ മുന്‍ കാമുകനെ റോഡപകടത്തില്‍ മരിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്.
പ്രീതിയും ഇയാളും മാര്‍ക്കറ്റ് സ്ട്രീറ്റിലുള്ള ഒരു ഹോട്ടലിലാണ് ഞായാറാഴ്ച വരെ താമസിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. പ്രീതി റെഡ്ഡിയുടെ തിരോധാനവും മരണവും ഒട്ടേറെ ദുരൂഹതകളുള്ളതാണെന്ന് പോലീസ് വ്യക്തമാക്കി.