ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ എഫ്-16 ഉപയോഗിച്ച സംഭവം; പാകിസ്താനോട് റിപ്പോര്‍ട്ട് തേടുമെന്ന് അമേരിക്ക

ബാലകോട്ട് ആക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വ്യോമസേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് പാകിസ്താന്‍ അമേരിക്കന്‍ നിര്‍മിത പോര്‍വിമാനമായ എഫ്-16 ഉപയോഗിച്ചത്.

വാഷിങ്ടണ്‍: ഇന്ത്യയ്ക്കെതിരെ പാകിസ്താന്‍ എഫ്-16 ജെറ്റ് വിമാനം ഉപയോഗിച്ച സംഭവത്തില്‍ പാകിസ്താനോട് റിപ്പോര്‍ട്ട് തേടുമെന്ന് അമേരിക്ക. ബാലകോട്ട് ആക്രമണത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ ഇന്ത്യയുടെയും പാകിസ്താന്റെയും വ്യോമസേനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് പാകിസ്താന്‍ അമേരിക്കന്‍ നിര്‍മിത പോര്‍വിമാനമായ എഫ്-16 ഉപയോഗിച്ചത്. ഈ പശ്ചാത്തലത്തിലാണ് പാകിസ്താനോട് റിപ്പോര്‍ട്ട് തേടുമെന്ന് അമേരിക്ക വ്യക്തമാക്കിയത്.

ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാക് വ്യോമസേനാ വിമാനത്തില്‍ നിന്ന് കാശ്മീരിലെ ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ പ്രയോഗിച്ച അമ്രാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ കണ്ടെത്തുകയും തെളിവായി പത്രസമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. എഫ്-16 വിമാനത്തില്‍ നിന്നു മാത്രമേ അമ്രാം മിസൈല്‍ പ്രയോഗിക്കാന്‍ സാധിക്കൂ എന്നും, പാകിസ്താന്‍ ഈ പോര്‍വിമാനം ഉപയോഗിച്ചു എന്നതിന്റെ തെളിവാണിതെന്നും ഇന്ത്യ പറഞ്ഞിരുന്നു. എന്നാല്‍ എഫ്-16 ഉപയോഗിച്ചിട്ടില്ല എന്നായിരുന്നു പാകിസ്താന്റെ നിലപാട്.

എഫ്-16 വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അമേരിക്കയുമായുള്ള കരാറിന്റെ ലംഘനമാണെന്നും വിഷയത്തില്‍ പാകിസ്താനോട് കൂടുതല്‍ വിവരങ്ങള്‍ ആരായുമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് വക്താവ് റോബര്‍ട്ട് പല്ലാഡിനോ വ്യക്തമാക്കി. എന്നാല്‍ നിലവില്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നുമില്ലെന്നും വിശദമായി വിഷയം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാഴ്ചാ പരിധിക്ക് അപ്പുറത്തുള്ള ലക്ഷ്യസ്ഥാനത്തേയ്ക്ക് തൊടുത്തുവിടാന്‍ കഴിയുന്ന സ്വയംനിയന്ത്രിത മിസൈലുകളാണ് അമ്രാം. ഇത് എഫ്-16 വിമാല്‍നിന്നേ പ്രയോഗിക്കാന്‍ സാധിക്കൂ എന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട്. അമേരിക്കയുടെ അനുമതിയോടെ മാത്രമേ ഇത്തരമൊരു വിമാനം ഉപയോഗിക്കാന്‍ കഴിയൂ എന്ന് വ്യവസ്ഥ ചെയ്യുന്ന കരാര്‍ നിലവിലുണ്ട്.

Exit mobile version