വാഷിങ്ടണ്‍: നിയന്ത്രണരേഖ ലംഘിച്ച് ഇന്ത്യയിലേക്ക് പാകിസ്താന് പറത്തിവിട്ട എഫ്-16 യുദ്ധ വിമാനത്തിന്റെ പേരില്‍ അമേരിക്ക-പാകിസ്താന് ബന്ധം ഉഴലുന്നു. ഇന്നലെയാണ് ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക് യുദ്ധ വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തിയത്. മൂന്ന് എഫ്-16 വിമാനങ്ങളാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യയിലേക്ക് പറന്നത്. മുമ്പ് അഫ്ഗാനിസ്ഥാനെ വരുതുയിലാക്കാന്‍ അമേരിക്ക പാകിസ്താന് സമ്മാനിച്ചതായിരുന്നു ഈ എഫ് 16 യുദ്ധവിമാനങ്ങള്‍.
പാക് സൈന്യത്തിന്റെ കൈവശമാണെങ്കിലും എഫ്-16 വിമാനങ്ങള്‍ ഉപയോഗിക്കുന്നതിന് അമേരിക്ക പാകിസ്താന് ചില നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും നല്‍കിയിരുന്നു. ഒപ്പം ഭീകര കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്ത് തകര്‍ത്ത ഇന്ത്യയുടെ നടപടിയെ അനുകൂലിച്ച അമേരിക്ക, സൈനിക നടപടികളില്‍ നിന്നും പാകിസ്താനെ വിലക്കുകയും ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി പാകിസ്താന് ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കുവാനായി അമേരിക്കന്‍ വിമാനങ്ങള്‍ ഉപയോഗിക്കരുതെന്ന് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയതായി ദേശീയ ചാനലുകളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത്യാധുനിക സൈനിക കോപ്പുകളുടെ ദൗര്‍ലഭ്യം അനുഭവിക്കുന്ന പാകിസ്താന് ഇന്ത്യന്‍ അതിര്‍ത്തികടന്ന് സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ എഫ് 16 വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യന്‍ പ്രഹരത്തിന് മറുപടിയെന്നോണം കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് മൂന്ന് എഫ് 16 വിമാനങ്ങള്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമം നടത്തിയത്. അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വന്ന പാക് വിമാനവ്യൂഹത്തില്‍ എഫ് 16 വിമാനങ്ങളും ചൈനീസ് നിര്‍മ്മിത വിമാനങ്ങളും ഉണ്ടായിരുന്നു. ഇതില്‍ അതിര്‍ത്തി ലംഘിച്ചത് മൂന്ന് എഫ് 16 വിമാനങ്ങളായിരുന്നു. എന്നാല്‍ അതീവ സുരക്ഷയിലായിരുന്ന ഇന്ത്യന്‍ വ്യോമസേന പാക് വിമാനങ്ങളെ തുരത്തുകയും ഒരു എഫ് 16 വിമാനത്തെ വെടിവച്ചിടുകയും ചെയ്തു. ഇന്ത്യ പാക് വിമാനങ്ങള്‍ മുഖാമുഖം വെടിവയ്പ്പ് നടത്തിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
പാക് വിമാനത്തെ തുരത്തുന്നതിനിടയില്‍ ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം തകരുകയും രക്ഷപ്പെടാനായി പാരച്യൂട്ട് വഴി ചാടിയ ഇന്ത്യന്‍ വിംഗ് കമാന്റര്‍ അഭിനന്ദ് പാക് സൈനികരുടെ പിടിയിലാവുകയും ചെയ്തു.
അതേസമയം, ശക്തമായി വിലക്കിയിട്ടും എഫ് 16 വിമാനം ഇന്ത്യയ്ക്കെതിരെ ഉപയോഗിച്ച പാകിസ്താനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഇതിനിടെ, രണ്ട് ദിവസത്തിനകം പാക് വിമാനം തകര്‍ക്കുന്ന തെളിവുകള്‍ പുറത്ത് വിടുമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.
Discussion about this post