ടെഹ്റാന്: ഇറാന്റെ 27 സൈനികരെ ബലൂചിസ്ഥാന്‍ അതിര്‍ത്തിയില്‍ സ്ഫോടനത്തില്‍ കൊലപ്പെടുത്തിയത് പാകിസ്താന് പൗരനായ ചാവേറെന്ന് ഇറാന് സൈന്യം. ഹാഫിസ് മുഹമ്മദ് അലി എന്നയാളാണ് ചാവേറായതെന്ന് പട്ടാള കമാന്റര്‍ മുഹമ്മദ് പാക്പോര്‍ പറഞ്ഞു.
കേസില്‍ ഒരു സ്ത്രീയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ വഴിയാണ് അക്രമിയെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. ചാവേറാക്രമണത്തിന് പിന്നില്‍ സൗദിയും യുഎഇയുമാണെന്ന് ഇറാന് ആദ്യം ആരോപിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ പാകിസ്താനാണെന്ന് വ്യക്തമായിരുന്നു.
പാകിസ്താനുള്ളില്‍ പ്രവര്‍ത്തിക്കുന്ന സുന്നി ഭീകരവാദ ഗ്രൂപ്പായ ജയ്ഷ് അല്‍ ആദില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതിര്‍ത്തി കടന്നുള്ള പാകിസ്ഥാന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഇറാന് ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ജെയ്ഷെ അല്‍ ആദിലിനെ സംരക്ഷിക്കുകയാണെങ്കില്‍ പാകിസ്താന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന് റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ മുഹമ്മദ് അലി ജാഫരി പറഞ്ഞിരുന്നു.
Discussion about this post