സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്; പൂര്‍ണ്ണ പിന്തുണ യുഎസ് നല്‍കുമെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ്; പാകിസ്താനൊപ്പമല്ല, ഇന്ത്യയ്‌ക്കൊപ്പമെന്ന് സ്റ്റേറ്റ് സെക്രട്ടറി

വാഷിങ്ടണ്‍: ജമ്മു കാശ്മീരിലെ പുല്‍വാമയിലുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്വയം പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് അവകാശമുണ്ടെന്ന് യുഎസ്. ഇക്കാര്യത്തെ പിന്തുണയ്ക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോടു യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് വ്യക്തമാക്കിയത്. ജവാന്‍മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബോള്‍ട്ടന്‍ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. രാവിലെയുള്‍പ്പെടെ രണ്ടു തവണയാണ് അജിത് ഡോവലുമായി ഫോണില്‍ സംസാരിച്ചത്.

ഭീകരര്‍ക്കുള്ള പിന്തുണ പാകിസ്താന്‍ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ യുഎസിനു വ്യക്തമായ നിലപാടാണുള്ളത്. ഇക്കാര്യത്തില്‍ പാകിസ്താനുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബോള്‍ട്ടന്‍ വ്യക്തമാക്കി. ഭീകരര്‍ക്കു സുരക്ഷയൊരുക്കുന്ന നിലപാട് പാകിസ്താന്‍ നിര്‍ത്തണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദത്തെ പ്രതിരോധിക്കുന്ന ഇന്ത്യയോടൊപ്പമാണ് യുഎസ് നില്‍ക്കുന്നതെന്നും പോംപെയോ വ്യക്തമാക്കി.

അത്യന്തം നീചമായ ഭീകരാക്രമണത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ചാണു വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് പ്രതികരിച്ചത്. പുല്‍വാമയില്‍ ചാവേറാക്രമണമുണ്ടായതിനു പിന്നാലെ തന്നെ ഇന്ത്യയ്ക്കു പിന്തുണയുമായി യുഎസ് രംഗത്തെത്തിയിരുന്നു.

Exit mobile version