സാന്‍ഹോസെ: സമാധാനത്തിനുള്ള നോബേല്‍ പുരസ്‌കാരം നേടിയ കോസ്റ്ററീക്കയുടെ മുന്‍ പ്രസിഡന്റ് ഓസ്‌കാര്‍ അരിയാസിനെതിരെ ലൈംഗിക ആരോപണവുമായി മുന്‍ സൗന്ദര്യറാണി രംഗത്ത്. മുന്‍ മിസ് കോസ്റ്ററിക്ക യാസ്മിന്‍ മൊറെയ്ല്‍സാണ് പരാതി നല്‍കിയിരിക്കുന്നത്. 2015ലാണ് സംഭവം.
സാന്‍ഹോസെയിലെ അരിയാസിന്റെ വസതിയിലെത്തിയ തന്നെ അദ്ദേഹം അനുവാദമില്ലാതെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് യാസ്മിന്‍ പരാതിയില്‍ പറയുന്നത്. ‘സമൂഹമാധ്യമത്തിലൂടെ അരിയാസ് ക്ഷണിച്ചതനുസരിച്ചാണ് ഞാന്‍ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്. ഞാന്‍ ഒരുപാട് ആരാധിച്ചിരുന്ന വ്യക്തിയായിരുന്നു അരിയാസ്. എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവൃത്തിയില്‍ ഞാനാകെ ഞെട്ടിപ്പോയി’- യാസ്മിന്‍ പറയുന്നു.
അരിയാസിനെതിരെ ഇതാദ്യമായല്ല ലൈംഗികാരോപണം സംബന്ധിച്ച പരാതി വരുന്നത്. അരിയാസിനെതിരെ ആരോപണമുന്നയിച്ച് നേരത്തേ അഞ്ച് യുവതികള്‍ രംഗത്തെത്തിയിരുന്നു. ആണവായുധ വിരുദ്ധ പ്രവര്‍ത്തക അലെക്സാന്‍ഡ്ര ആര്‍സാണ് അദ്ദേഹത്തിനെതിരേ ആദ്യം പരാതി നല്‍കിയത്. 2014-ല്‍ അരിയാസ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു അലക്സാന്‍ഡ്രെയുടെ പരാതി.