ലണ്ടന്‍: ഇനി ഫിലിപ് രാജകുമാരന്‍ (97) കാര്‍ ഓടിക്കില്ല. നോര്‍ഫോക്കില്‍ ഒരു മാസം മുന്‍പുണ്ടായ കാറപകടത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം അദ്ദേഹം ഡ്രൈവിങ് ലൈസന്‍സ് തിരിച്ചേല്‍പ്പിച്ചു. അപകടത്തില്‍ രാജകുമാരനു പരുക്കേറ്റില്ലെങ്കിലും ഇടിച്ച കാറില്‍ ഉണ്ടായിരുന്ന രണ്ടു സ്തീകള്‍ക്കു പരുക്കേറ്റിരുന്നു. ഡ്രൈവിങ് ലൈസന്‍സ് അദ്ദേഹം നോര്‍ഫോക്ക് പോലീസിനു കൈമാറി. ലൈസന്‍സ് തിരിച്ചേല്‍പിച്ചത് കേസില്‍ രാജകുമാരനു സഹായകരമാകും.
അതേസമയം, അപകടം നടന്നു രണ്ടു ദിവസത്തിനുള്ളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിക്കുന്ന രാജകുമാരന്റെ ചിത്രം പുറത്തുവന്നിരുന്നു. രണ്ടു സംഭവങ്ങളും രാജ്യമൊട്ടാകെ ചര്‍ച്ചാവിഷയമാവുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് ഇനി ഡ്രൈവ് ചെയ്യാനില്ലെന്ന തീരുമാനം രാജകുമാരന്‍ കൈക്കൊണ്ടത്. ഇക്കാര്യം കണക്കിലെടുക്കുമ്പോള്‍ പൊതുതാല്‍പര്യം അനുസരിച്ച് നിയമനടപടി തന്നെ ഉണ്ടായില്ലെന്നു വരാം. ജനുവരി 17ന് മറ്റൊരു കാറില്‍ ഇടിച്ചു രാജകുമാരന്റെ കാര്‍ മറിയുകയായിരുന്നു. അധ്യാപികയായ ടൗണ്‍സെന്‍ഡിന്റെ (28) കാലില്‍ മുറിവുണ്ടായി. കൂടെയുണ്ടായിരുന്ന എമ്മ ഫെയര്‍വെതറിന്റെ (46) കൈയൊടിഞ്ഞു. ടൗണ്‍സെന്‍ഡിന്റെ ഒന്‍പതു മാസം പ്രായമുള്ള കുഞ്ഞ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
യുകെയില്‍ 70 വയസ്സ് ആണ് ലൈസന്‍സിനുള്ള പ്രായപരിധിയെങ്കിലും ആവശ്യക്കാര്‍ക്ക് പുതുക്കിയെടുക്കാന്‍ അവകാശമുണ്ട്.
Discussion about this post