കാഠ്മണ്ഡു: പ്രണയദിനത്തില്‍ ഇന്ത്യയില്‍ നിന്ന് റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങി നേപ്പാള്‍. 94 ലക്ഷം രൂപയ്ക്ക് 1.5 ലക്ഷം റോസാപ്പൂക്കളാണ് ഇറക്കുമതി ചെയ്യുകയെന്ന് നേപ്പാള്‍ ഫ്ലോറികള്‍ച്ചര്‍ അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. കൊല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും പൂക്കള്‍ ശേഖരിക്കുന്നത്.
മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാല്‍ റോസാപ്പൂക്കള്‍ക്ക് വില വര്‍ധിക്കുമെന്നും ഫ്ലോറികള്‍ച്ചര്‍ അസോസിയേഷന് പ്രസിഡന്റ് കുമാര്‍ കസ്ജൂ പറഞ്ഞു. ഈ വര്‍ഷം 200,000 റോസാപ്പൂക്കള്‍ ആവശ്യമായി വരുമെന്നാണ് കണക്ക് കൂട്ടുന്നത്. അതിനാലാണ് ഏകദേശം 1.5 ലക്ഷം റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുന്നത്.
2018ലെ വാലന്റൈന്‍സ് ദിനത്തില്‍ 79 ലക്ഷം രൂപയ്ക്ക് നേപ്പാള്‍ ഇന്ത്യയില്‍നിന്ന് റോസാപ്പൂക്കള്‍ ഇറക്കുമതി ചെയ്തിരുന്നു. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആവശ്യക്കാര്‍ ഏറെയാണ്. കാഠ്മണ്ഡു താഴ്വരയില് മാത്രം റോസാപ്പൂക്കളുടെ ആവശ്യക്കാര്‍ക്ക് 60 ശതമാനം വര്‍ധനവാണ് ഉണ്ടായത്. കനത്ത തണുപ്പ് കാരണം നേപ്പാളിലെ റോസാപ്പൂ കൃഷി വന്‍ നഷ്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് ഇറക്കുമതിയ്ക്ക് സാധ്യത തേടിയത്.
Discussion about this post