നേപ്പാള്‍: ആര്‍ത്തവകാലത്തെ ദുരാചാരത്തിനിടയില് നേപ്പാളില്‍ യുവതിക്ക് ദാരുണാന്ത്യം. ഇരുപത്തിയൊന്ന് വയസുകാരിയെയാണ് ആര്‍ത്തവകാലത്ത് താമസിക്കാനായി തയ്യാറാക്കിയ പ്രത്യേക കുടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പകറ്റാനായി കൂട്ടിയ തീയില്‍ നിന്നുള്ള പുക ശ്വസിച്ചാണ് യുവതിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
നേപ്പാളില്‍ ഇപ്പോഴും ആചാരങ്ങളുടെ ഭാഗമായി ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്തുള്ള പ്രത്യേക കുടിലിലോ തൊഴുത്തിലോ താമസിപ്പിക്കുന്നത് പതിവാണ്. 2005ല്‍ ഔദ്യോഗികമായി ഈ പതിവ് അവസാനിപ്പിച്ചെങ്കിലും നേപ്പാളില്‍ പലയിടങ്ങളിലും ഈ മാറ്റി പാര്‍പ്പിക്കല്‍ തുടരുന്നുണ്ട്. ആര്‍ത്തവ സമയത്ത് മാത്രമല്ല പ്രസവം കഴിഞ്ഞാലും സ്ത്രീകളെ വീടിന് പുറത്താണ് താമസിപ്പിക്കാറുള്ളത്.
നേപ്പാളില്‍ ‘ചൗപ്പടി’ എന്നറിയപ്പെടുന്ന ഈ ആചാരം പിന്തുടര്ന്നാല് മൂന്ന് മാസം തടവും മൂവായിരം രൂപ പിഴയും ലഭിക്കുന്ന ശിക്ഷ കഴിഞ്ഞ വര്‍ഷം പ്രാബല്യത്തില്‍ വന്നിരുന്നു. മൂന്ന് ആഴ്ച മുന്‍പ് ബജുര ജില്ലയില്‍ അമ്മയും രണ്ട് കുഞ്ഞുങ്ങളും സമാനരീതിയില്‍ മരണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് തദ്ദേശീയ ഭരണകൂടം സ്ത്രീകളെ ചൗപ്പടിയിലേക്ക് അയക്കുന്നത് കര്‍ശനമായി നിരോധിച്ചിരുന്നു.
Discussion about this post