ക്വീന്‍സ് ലാന്‍ഡ്: ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കവും ജനജീവിതം താറുമാറാക്കി. ലക്ഷങ്ങളുടെ നാശ നഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളും, ബിസിനസ് സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. ഇതിനകം നൂറോളം കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചത്.
ക്വീന്‍സ് ലാന്‍ഡിലെ ടൗണ്‍സ് വില്ലയില്‍ കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയില്‍ ജനജീവിതം താറുമാറായിരിക്കുകയാണ്. നഗരത്തില്‍ 617 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. ശനിയാഴ്ച്ച മാത്രം 142 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. രണ്ട് മാസം കൊണ്ട് ലഭിക്കേണ്ട മഴയാണ് നാല് ദിവസത്തിനുള്ളില്‍ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് റോസ് റിവര്‍ ഡാമിലെ സംഭരണശേഷി ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറന്ന് വിട്ടു.
കനത്ത മഴ ഇനിയും തുടരുകയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ 20,000 ത്തോളം വീടുകള്‍ വെള്ളത്തിനടിയിലാകുമെന്നാണ് കണക്കുകൂട്ടല്‍. നിരവധി വാഹനങ്ങളും, കന്നുകാലികളും വെള്ളത്തില്‍ ഒലിച്ചുപോയി. പ്രദേശത്തെ ഗതാഗതവും താറുമാറായി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.