പ്രിടോറിയ: നിസാര പ്രശ്‌നങ്ങളില്‍ പോലും തളര്‍ന്ന് പോകുന്നവരാണ് നാം. അത്തരക്കാര്‍ കാണേണ്ട ഒരു അതിജീവന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും മറ്റും വ്യാപകമാവുന്നത്. ആറ് സിംഹങ്ങള്‍ ചേര്‍ന്ന് ജിറാഫിനെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കടിച്ച് തൂങ്ങിയും മാന്തി പറിച്ചും സിംഹങ്ങള്‍ ജിറാഫിനെ നീണ്ട ആറ് മണിക്കൂര്‍ ആണ് ആക്രമിച്ചത്.
സൗത്ത് ആഫ്രിക്കയിലെ ക്ലാസേരി എന്നറിയപ്പെടുന്ന സ്വകാര്യ വന്യജീവി സങ്കേതത്തിലാണ് സംഭവം. വന്യജീവി സങ്കേതത്തിലെത്തിയ സഞ്ചാരികളും അവരുടെ ഗൈഡായ എമിലി വൈറ്റനിങുമാണ് തന്റെ കഴുത്തില്‍ കടിച്ചു തൂങ്ങി കിടക്കുന്ന സിംഹങ്ങളുമായി നടന്നു നീങ്ങുന്ന ജിറാഫിന്റെ ചിത്രങ്ങള്‍ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
രണ്ട് സിംഹങ്ങള്‍ ജിറാഫിന്റെ കഴുത്തില്‍ കയറി കടിച്ചു തൂങ്ങി. മറ്റു രണ്ടെണ്ണം ജിറാഫിന്റെ പിന്‍ഭാഗത്തും കടിച്ചു വലിച്ചു. രണ്ട് സിംഹങ്ങള്‍ ജിറാഫിന്റെ പിന്‍കാലുകളിലും ആക്രമിച്ചു. രണ്ട് മിനിട്ടോളം സിംഹങ്ങള്‍ ജിറാഫിനെ ഉപദ്രവിച്ചു. വേദനകൊണ്ടു പുളഞ്ഞ ജിറാഫ് സിംഹങ്ങളെയും കൊണ്ട് മുന്നോട്ട് നീങ്ങുകയായിരുന്നു. ജിറാഫ് കുടഞ്ഞ് എറിഞ്ഞപ്പോഴാണ് സിംഹങ്ങള്‍ പിടിവിട്ടത്.
മുറിവുകളില്‍ നിന്ന് രക്തം ഒഴുകുമ്പോഴും ജിറാഫ് പിടിച്ചു നില്‍ക്കുകയായിരുന്നു. വീണ്ടും ആക്രമിക്കാനടുത്ത സിംഹങ്ങളെ സഹികെട്ട് തൊഴിച്ചോടിക്കുകയും ചെയ്തു. സംഭവം തരംഗം സൃഷ്ടിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.