ഷിക്കാഗോ: അതിശൈത്യത്തിന്റെ പാതയിലാണ് അമേരിക്ക. നഗരം മുഴുവനും മഞ്ഞുകളാല്‍ മൂടപ്പെടുമ്പോള്‍ ഉള്ള വീടിന്റെ അകത്ത് കയറി സുരക്ഷിതമാവുകയാണ്. എന്നാല്‍ പലയിടങ്ങളിലും തണുപ്പ് സഹിക്കാനാകാതെ മരിച്ചു വീഴുകയാണ്. ഇതുവരെ 21 മരണമാണ് സ്ഥിരീകരിച്ചത്. തെരുവോരത്തെ കാഴ്ചയാണ് അസഹനീയം. മഞ്ഞുകളാല്‍ മൂടപ്പെട്ട പലയിടങ്ങളിലും തണുപ്പിനെ പ്രതിരോധിക്കാന്‍ ഒന്നുമില്ലാതെ അന്തിയുറങ്ങുന്ന കാഴ്ച കണ്ടു നിക്കാനാവാത്തതിലും അപ്പുറമാണ്.
എന്നാല്‍ അവര്‍ക്കായി പ്രവര്‍ത്തിച്ചിരിക്കുകയാണ് കാന്‍ഡിസ് പെയ്ന് എന്ന ഷിക്കാഗോക്കാരി. സ്വന്തമായി വീടില്ലാത്തവര്‍ക്കായി 20ഹോട്ടല്‍ മുറികളാണ് ബുക്ക് ചെയ്തത്. 70 പേര്‍ക്കാണ് ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് ബുക്ക് ചെയ്ത ശേഷം ആവശ്യക്കാരെ മുറികളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കാന്‍ഡിസ് ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. ഇതിനു പിന്നാലെ സഹായവുമായി സുഹൃത്തുക്കള്‍ ഓടിയെത്തി. അവരില്‍ പലരും തണുപ്പില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നത് എങ്ങനെ എന്നറിയാതെ വിഷമിച്ച് ഇരിക്കുകയായിരുന്നു എന്നും ഈ വിവരം അറിഞ്ഞതോടെ തനിക്കൊപ്പം കൂടിയെന്നും കാന്‍ഡിസ് പറഞ്ഞു.
തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗത്ത് തെരുവോര ജീവനുകള്‍ക്ക് ധനസഹായവുമായെത്തി. പാര്‍പ്പിടമില്ലാത്തവര്‍ക്കായി ഇപ്പോള്‍ 60 മുറികള്‍ എടുത്തിട്ടുണ്ട്. ഈ ആഴ്ചയുടെ അവസാനം വരെ മുറികള്‍ക്കായി പണം നല്‍കിയിട്ടുണ്ടെന്ന് സാല്‍വേഷന്‍ ആര്‍മിയുടെ വക്താവ് ജാക്വിലിന് റാഷേവ് അറിയിച്ചു. മുറികളില്‍ തങ്ങുന്നവര്‍ക്കായി ഭക്ഷണപ്പൊതികളും ചൂടുകുപ്പായങ്ങളും കാന്‍ഡിസിന്റെ നേതൃത്വത്തില്‍ എത്തിക്കുന്നുണ്ട്. കഷ്ടപ്പെടുന്നവര്‍ക്ക് സഹായമെത്താന്‍ താന്‍ വെറുമൊരു നിമിത്തമായി എന്നാണ് കാന്‍ഡിസ് പറയുന്നത്. സഹായം ലഭിച്ചവര്‍ തങ്ങളെ സഹായിച്ചതിന് കാന്‍ഡിസിനോട് അതിയായ നന്ദി പ്രകടിപ്പിച്ചു.
Discussion about this post