ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം അഭയാര്‍ത്ഥി തടവറയിലേക്ക്! ലോകത്തെ അത്ഭുതപ്പെടുത്തി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ പുസ്തകമെഴുതി ബൂചാനി!

വിക്ടോറിയന്‍ സാഹിത്യ പുരസ്‌കാരം ഇറാനിയന്‍ വംശജന്‍ ബെഹ്‌റൗസ് ബൂചാനിക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന തുകയുള്ള വിക്ടോറിയന്‍ സാഹിത്യ പുരസ്‌കാരം ഇറാനിയന്‍ വംശജന്‍ ബെഹ്‌റൗസ് ബൂചാനിക്ക്. ഇദ്ദേഹത്തിന്റെ ‘നോ ഫ്രണ്ട് ബട്ട് ദ മൗണ്ടന്‍സ്’ എന്ന കൃതിക്കാണ് പുരസ്‌കാരം ലഭിച്ചത്. 52 ലക്ഷം രൂപയാണ് സമ്മാനത്തുക.

അനധികൃതമായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്നവരെ താമസിപ്പിക്കുന്ന പാപുവ ന്യൂ ഗുനിയയിലെ മാനുസ് ദ്വീപിലാണ് അനധികൃത കുടിയേറ്റത്തിന് തടവറയിലാക്കപ്പെട്ട ബൂചാനി കഴിഞ്ഞ 6 വര്‍ഷമായി താമസിക്കുന്നത്.

സുഹൃത്തും പരിഭാഷകനുമായ ഒമിഡ് തൊഫീഗിയന് മൊബൈലില്‍ വാട്‌സ്ആപ്പ് ചാറ്റിലൂടെയാണ് ബൂചാനി പുസ്തകം രചിച്ചത്. ആദ്യം വാട്‌സ്ആപ്പിലൂടെയായിരുന്നു പുസ്തകരചന എങ്കിലും പിന്നീട് പിന്നീട് ദ്വീപിലേക്കുള്ള ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതോടെ സാധാരണ ടെക്‌സ്റ്റ് മെസേജാണ് രക്ഷയായത്. ഒടുവില്‍ പുസ്തകം പൂര്‍ത്തിയാക്കുകയായിരുന്നു. ബൂച്ചാനിയുടെ ഇന്തോനേഷ്യ മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള കുടിയേറ്റത്തെക്കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്. പ്രമുഖ ബ്രിട്ടീഷ് ദിനപത്രമായ ‘ദ ഗാര്‍ഡിയന്‍’ പത്രത്തിലെ കോളമിസ്റ്റുമാണ് ബൂച്ചാനി.

”പുരസ്‌കാരം ലഭിക്കാന്‍ വേണ്ടിയല്ല ഞാനീ പുസ്തകം എഴുതിയത്. ഓസ്‌ട്രേലിയയിലെയും ലോകത്തെമ്പാടുമുള്ള ജനങ്ങളെയും മാനുസിലും നൗറു ദ്വീപിലും നടക്കുന്ന ചൂഷണം അറിയിക്കാനാണ്. ഇവിടത്തെ പാവപ്പെട്ടവരെ വ്യവസ്ഥിതി ചൂഷണം ചെയ്യുന്നത് തടയുന്നതിന് ഈ പുരസ്‌കാരം ഒരു കാരണമാകുമെന്ന് കരുതുന്നു.”

‘ഞങ്ങളുടെ അവസ്ഥ കൂടുതല്‍ ആളുകളിലേക്കെത്തണം, ഈ കിരാതമായ നടപടികള്‍ അവസാനിക്കണം’ ബൂച്ചാനി ‘ദ ഗാര്‍ഡിയന്‍’ പത്രത്തോട് പറഞ്ഞു.

ഈ പുരസ്‌കാരം ഓസ്‌ട്രേലിയയുടെ രാഷ്ട്രീയത്തിലും അഭയാര്‍ത്ഥികളോടുള്ള സമീപനത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ് ബൂച്ചാനിയുടെ പുസ്തകം വിവര്‍ത്തനം ചെയ്ത തോഫീഗിയന്‍ പറയുന്നത്.

Exit mobile version