ബാങ്കോക്ക്: വൈഫൈ സിഗ്നല്‍ പിടിയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തില്‍നിന്നും വീണ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തായ്ലന്ഡിലെ ബാങ്കോക്കിലാണു സംഭവം. പറ്റണദേജ് ഹോംഹുവാന് (21) ആണ് മരിച്ചത്.
ഹോട്ടല്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍നിന്നു പുറത്തേക്കു ചാഞ്ഞ് സിഗ്നല്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു താഴെ വീഴുകയായിരുന്നു. ചിനാംഗ് മയ് സിറ്റിയിലെ രാജമംഗള യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ പറ്റണദേജ് ഒരു ഗെയിമിംഗ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായാണ് ബാങ്കോക്കിലെത്തിയത്.
ബുധനാഴ്ച ടൂര്‍ണമെന്റിനു മുന്നോടിയായി പരിശീലനം നടത്തവെ ഫോണില്‍ വൈഫൈ സിഗ്നല്‍ കുറവാണെന്ന് ഇയാള്‍ സുഹൃത്തുക്കളോടു പരാതിപ്പെട്ടു. ഇതിനുശേഷം ഫോണുമായി പുറത്തേക്കുപോയി. പുറത്തെത്തിയ ഇയാള്‍ ബാല്‍ക്കണിക്കു മുകളിലെ വീതികുറഞ്ഞ ഭാഗത്തേക്ക് സിഗ്നല്‍ ലഭിക്കുന്നതിനായി വലിഞ്ഞുകയറി. ഇതിനിടെ പറ്റണദേജ് താഴെ വീഴുകയായിരുന്നു.
പറ്റണദേജിനൊപ്പം ഗെയിമില്‍ പങ്കെടുത്തിരുന്ന മറ്റു സുഹൃത്തുക്കള്‍ ഇയാളെ അന്വേഷിച്ച് എത്തിയപ്പോള്‍ നിലത്തുപതിച്ച നിലയില്‍ കണ്ടെത്തി. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post