ഇന്ത്യാന: പുറം രാജ്യങ്ങളില്‍ പലയിടങ്ങളിലും പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ എമര്‍ജന്‍സി സഹായ ഡെസ്കുകള്‍ പ്രവര്‍ത്തിക്കാറുണ്ട്. ആരും സഹായത്തിനില്ലാതെ ഏതെങ്കിലും തരത്തില്‍ അപകടത്തിലോ മറ്റോ പെട്ടാല്‍ ഇവരുടെ നമ്പറിലേക്ക് വിളിച്ചു പറഞ്ഞാല്‍ മതി. ഉടന്‍ ആവശ്യമായ സഹായമെത്തിക്കും. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള സേവനം 24 മണിക്കൂറും ലഭ്യമാണ്.
അങ്ങനെയൊരു എമര്‍ജന്‍സി സഹായ ഡെസ്കിലേക്ക് വന്ന അഞ്ചാംക്ലാസുകാരന്റെ ഫോണ്‍ കോളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഏതാണ്ട് ഒരാഴ്ച പിന്നിട്ടു ഈ സംഭവം നടന്നിട്ട്.
അടിയന്തര സഹായത്തിനായി വരുന്ന വിളി കാത്ത് അന്റോണിയ ബോണ്ടി എന്ന ഉദ്യോഗസ്ഥയിരിക്കുന്നു. വൈകീട്ട് മൂന്നര മണി സമയം. സാധാരണഗതിയില്‍ ഡെസ്കില്‍ മറ്റ് തിരക്കുകളൊന്നും ഉണ്ടാകാത്ത സമയം.
പെട്ടെന്ന് ഒരു ഫോണ്‍ കോള്‍ വന്നു. മറുതലയ്ക്കല്‍ ഒരു ചെറിയ ആണ്‍കുട്ടിയുടെ ശബ്ദം. തന്നെ കേള്‍ക്കുന്നുണ്ടോയെന്ന ചോദ്യവും. ചെറിയ കുട്ടിയുടെ ശബ്ദം കേട്ടയുടന്‍ തന്നെ ബോണ്ടിയുടെ നെഞ്ചിടിക്കാന്‍ തുടങ്ങി. പറഞ്ഞോളൂവെന്ന് ആത്മവിശ്വാസം വീണ്ടെടുത്ത് പറഞ്ഞു. മടിച്ചുമടിച്ച് അവന് കാര്യം പറഞ്ഞു.
സ്കൂളില്‍ അഞ്ചാംക്ലാസിലാണ് പഠിക്കുന്നത്. ഒരു ടണ്‍ ഹോംവര്‍ക്ക് ചെയ്യാനുണ്ട്. കണക്കാണെങ്കില്‍ ഒന്നും അറിയില്ല. ഇപ്പോള്‍ കണക്കിന്റെ ഹോംവര്‍ക്കാണ് ചെയ്യുന്നത്. എങ്ങനെ ചെയ്തിട്ടും ശരിയാകുന്നില്ല. സഹായിച്ചേ പറ്റൂ.
കുട്ടിയുടെ ആവശ്യം കേട്ട ബോണ്ടി ആദ്യമൊന്ന് അമ്പരന്നു. പിന്നെ നീണ്ട ശ്വാസമെടുത്ത് ഒന്ന് സമാധാനപ്പെട്ടു. പേടിച്ചത് പോലെയൊന്നും ഉണ്ടായില്ലല്ലോയെന്ന് ആശ്വസിച്ചു. ഡെസ്ക്കില്‍ തിരക്ക് കുറവായതിനാല്‍ തന്നെ കുട്ടിയെ സഹായിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു.
അങ്ങനെ ഉത്തരം കിട്ടാതിരുന്ന കണക്കില്‍ ബോണ്ടി അവനെ സഹായിച്ചു. തന്നെ സഹായിച്ച ഉദ്യോഗസ്ഥയോട് അവന് മനസ്സ് തുറന്ന് നന്ദിയും പറഞ്ഞു. എന്നാല്‍ ഇനിയും ഇത്തരം ഘട്ടങ്ങളില്‍ മാതാപിതാക്കളെയോ ടീച്ചറെയോ സമീപിക്കണമെന്ന് പറയാന്‍ തുടങ്ങുമ്പോഴേക്ക് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ച് അവന് പോയി.
രസകരമായ ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്തത് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സംഭവം വൈറലായതോടെ ബോണ്ടിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.
Discussion about this post