കരോളീന: പൂജ്യത്തില്‍ താഴെ താപനിലയുള്ള കൊടും തണുപ്പുള്ള കാടിനുള്ളില്‍ കാണാതായ മൂന്നുവയസുകാരന് സംരക്ഷണം നല്‍കിയത് വനത്തിലെ കരടി. നോര്‍ത്ത് കരോളീനയിലെ ക്രേവന്‍ കൗണ്ടിയിലാണ് മനുഷ്യകുഞ്ഞിന് രക്ഷയായി അമ്മ കരടി എത്തിയത്.
കേസി ലിന്‍ ഹാത്ത്വേയെ രണ്ടു ദിവസത്തിനു ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ കാട്ടില്‍ നിന്ന് കണ്ടെത്തിയത്. കൊടുംതണുപ്പില്‍ ചൂടു പകര്‍ന്നു തന്നെ സംരക്ഷിച്ചത് ഒരു കരടിയാണെന്ന് കേസി പറഞ്ഞതായി ക്രേവന്‍ കൗണ്ടി ഷെരീഫ് ചിപ് ഹഗ്‌സ് അറിയിച്ചു. കുട്ടിയുടെ വാക്കുകള്‍ അവന്റെ ആന്റി ബ്രിയന്ന ഹാത്ത്വെ ഫേസ്ബുക്കിലും പങ്കുവച്ചു. ദൈവം അവനെ സംരക്ഷിക്കാന്‍ ഒരു കൂട്ടുകാരനെ അയച്ചു. അദ്ഭുതങ്ങള്‍ ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നു. ബ്രിയന്ന കുറിക്കുന്നു
വല്യമ്മയുടെ വീടിനു പിന്നില്‍ രണ്ടു കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് മൂന്നു വയസുകാരനെ കാണാതായത്. കൂട്ടുകാര്‍ വീടിനുള്ളിലേക്ക് കയറിയപ്പോള്‍ കുട്ടി അവര്‍ക്കൊപ്പമില്ലായിരുന്നു. 48 മണിക്കൂര്‍നീണ്ട തെരച്ചിലിനൊടുവില്‍ കുറ്റിച്ചെടികള്‍ക്കിടയില്‍നിന്നു ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടാണ് രക്ഷാപ്രവര്‍ത്തകരെത്തിയതും കേസിയെ കണ്ടതും.
പൂജ്യം ഡിഗ്രിയില്‍ താഴെയുള്ള താപനിലയില്‍ പ്രതിരോധ വസ്ത്രങ്ങള്‍ ഇല്ലാതെയാണ് കേസിയെന്നത് രക്ഷാപ്രവര്‍ത്തനത്തിനു കൂടൂതല്‍ തീവ്രത പകര്‍ന്നു. ഹെലികോപ്ടറും ഡ്രോണുകളും കെ-9 യൂണിറ്റുകളും ഡൈവര്‍മാരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. 66 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള കുട്ടിക്ക് ചെറിയ പരിക്കുകള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.
Discussion about this post