ലിമ: വിവാഹ സല്‍ക്കാരം നടക്കുന്നതിനിടെ ഉരുള്‍പൊട്ടല്‍. സംഭവത്തില്‍ 15 പേര് മരിക്കുകയും, 34ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്ക്കിഴക്കന്‍ പെറുവിലെ അല്‍ഹബ്ര ഹോട്ടലില്‍ ഞായറാഴ്ചയായിരുന്നു ദാരുണമായ സംഭവം നടന്നത്.
ഉരുള്‍പ്പൊട്ടലില്‍ കുന്നിടിഞ്ഞ് ഹോട്ടലിന്റെ ചുമരിലേക്ക് വീഴുകയായിരുന്നുവെന്ന് പെറുവിലെ നഗരമായ അബാന്കായിലെ മേയര്‍ എവരീസ്തോ റമോഷ് പറഞ്ഞു.
അപകടത്തില്‍ 11 സ്ത്രീകളും നാല് പുരുഷന്മാരുമാണ് മരിച്ചത്. അതേസമയം, നവവധുവും വരനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
അഗ്നിസുരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി. ആളുകളെ രക്ഷപ്പെടുത്തുന്നതിനായി പ്രദേശവാസികളും ഇവര്‍ക്കൊപ്പം ചേര്‍ന്നു. അപകടത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.