പാരീസ്: ഇന്ധന വിലവര്‍ധനവിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന യെല്ലോ വെസ്റ്റ് പ്രതിഷേധം കൂടുതല്‍ ശക്തിയാര്‍ജിച്ചു. ആയിരക്കണക്കിന് മഞ്ഞക്കുപ്പായക്കാരാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കഴിഞ്ഞ പതിനൊന്നാഴ്ച്ചകളായി നടന്നു വരുന്ന പ്രതിഷേധത്തില്‍ ദിനംപ്രതി പ്രതിഷേധക്കാരുടെ എണ്ണം വര്‍ധിക്കുകയാണ്.
കഴിഞ്ഞയാഴ്ച്ച എഴുപതിനായിരത്തില്‍ താഴെയായിരുന്നു പ്രതിഷേധക്കാരെങ്കില്‍ ഇന്നലെ അത് 80000 കടന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. അതേ സമയം ഫ്രാന്‍സിലെ വിവിധ നഗരങ്ങളില്‍ പോലീസും മഞ്ഞക്കുപ്പായക്കാരും തമ്മില്‍ ഏറ്റുമുട്ടി. പാരീസില്‍ മാത്രം 223 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രകോപനമില്ലാതെ പോലീസ് അക്രമം അഴിച്ചു വിടുകയായിരുന്നു എന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. അക്രമ സംഭവങ്ങള്‍ തടയാനായി 80,000 പോലീസുകാരെയാണ് സര്‍ക്കാര്‍ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്.
ഫ്രാന്‍സിന്‍ ഇന്ധനവില വര്‍ധനവിനെതിരെ കഴിഞ്ഞ നവംബര്‍ 17 മുതലാണ് മഞ്ഞക്കുപ്പായക്കാര്‍ പ്രക്ഷോഭം ആരംഭിച്ചത്. സമരത്തെ തുടര്‍ന്ന് ഇന്ധനവില കുറച്ചുവെങ്കിലും മാക്രോണ്‍ രാജിവെക്കാതെ പ്രതിഷേധത്തില്‍ നി്ന്ന് പിന്‍വാങ്ങില്ലെന്ന നിലപാടിലാണിപ്പോള്‍ മഞ്ഞക്കുപ്പായക്കാര്‍.