ഷാങ്ഹായ്: ശാസ്ത്ര ലോകത്തിനും മനുഷ്യരാശിക്കും ഞെട്ടലുളവാക്കി ചൈനയുടെ ക്ലോണിങ് പരീക്ഷണം വീണ്ടും. ഇത്തവണ രോഗികളായ അഞ്ച് കുരങ്ങ് കുഞ്ഞുങ്ങളെ സൃഷ്ടിച്ചാണ് ചൈന ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ജീനുകളില്‍ മാറ്റം വരുത്തി മനുഷ്യശിശുക്കളെ ജനിപ്പിച്ചതിനു പിന്നാലെയാണ് ഈ പരീക്ഷണം. അല്‍സ്‌ഹൈമേഴ്‌സും വിഷാദ രോഗവും ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായാണ് ഈ 5 കുരങ്ങുകളെ ശാസ്ത്രജ്ഞര്‍ ക്ലോണ്‍ ചെയ്ത് എടുത്തിരിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായാണ് കുരങ്ങുകളെ ക്ലോണിങിലൂടെ സൃഷ്ടിക്കുന്നത്.
രോഗമില്ലാത്ത കുരങ്ങിനെ ജനിതകമാറ്റം വരുത്തിയാണ് ഇതില്‍ നിന്നും മറ്റ് കുരങ്ങുകളെ ക്ലോണ്‍ ചെയ്ത് എടുത്തത്. കുട്ടിക്കുരങ്ങുകളുടെ ചിത്രവും വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്. ഒരു ചൈനീസ് ശാസ്ത്രപ്രസിദ്ധീകരണത്തിലാണ് ഇതു സംബന്ധിച്ച വന്ന ലേഖനം വന്നത്.
ഷാങ്ഹായിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയന്‍സിലായിരുന്നു പരീക്ഷണം. ജീവികളുടെ ദൈനംദിനപ്രവര്‍ത്തനത്തിനു കാരണമായ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന സര്‍ക്കേഡിയന്‍ റിഥത്തില്‍ തകരാറുള്ള കുരങ്ങിനെയാണ് ക്ലോണിങിന് വിധേയമാക്കിയത്. വിഷാദരോഗം, നിദ്രാരോഗങ്ങള്‍, പ്രമേഹം, മേധാക്ഷയം തുടങ്ങിയവയ്ക്കു വഴിവയ്ക്കുന്ന ഈ തകരാര്‍ പരീക്ഷണത്തിന് ഇരയാക്കിയ കുരങ്ങില്‍ ജീന്‍ എഡിറ്റിങ്ങിലൂടെ വരുത്തി തീര്‍ത്തു. ആ ജീവിയില്‍ നിന്ന് ക്ലോണിങ്ങിലൂടെ ജനിപ്പിച്ച സന്തതികളിലേക്കും രോഗങ്ങള്‍ പടരും.
പദ്ധതിയുടെ ഉദ്ദേശ്യശുദ്ധി നല്ലതാണെന്നാണ് ഈ ശാസ്ത്രജ്ഞര്‍ കുറിക്കുന്നത്. നേരത്തെ എലികളിലും ഈച്ചകളിലുമൊക്കെയായിരുന്നു ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഇത്തരം അസുഖങ്ങളെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിന് പരീക്ഷണം ഉപകാരപ്പെടുമെന്ന് ഇവര്‍ പറയുന്നു. ഒരേ ജനിതകനിലയായതിനാല്‍ കൂടുതല്‍ കൃത്യതയോടെ ഫലം ലഭിക്കും.
ഹീ ജാന്‍ക്വി എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ നടന്ന ജീന്‍ എഡിറ്റിങ് വഴി ഇരട്ടക്കുട്ടികള്‍ ജനിച്ചതോടെയാണു ചൈനയുടെ ജനിതകശാസ്ത്ര മേഖല കുപ്രസിദ്ധി നേടിയത്.
Discussion about this post