കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തെക്കന്‍ ലോഗാര്‍ പ്രവിശ്യയില്‍ ഉണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ പന്ത്രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തില്‍ പ്രവിശ്യയിലെ ചീഫ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.
ലോഗാറിനും കാബൂളിനും ഇടയിലുള്ള പ്രധാന പാതയില്‍ ഗവര്‍ണറുടെ വസതിക്ക് സമീപത്താണ് സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവര്‍ ഗവര്‍ണറുടെ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥരാണ്. സ്ഫോടനം നടക്കുന്ന സമയം രാജ്യത്തിന്റെ ഇന്റലിജന്‍സ് പ്രവിശ്യാ തലവന്‍ വാഹനത്തിലുണ്ടായിരുന്നു. എന്നാല്‍ നിസ്സാര പരിക്കുകളോടെ അദ്ദേഹം രക്ഷപ്പെടുകയായിരുന്നുവെന്ന് ലോഗാറിലെ പോലീസ് പറഞ്ഞു. അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന് ഏറ്റെടുത്തു. അഫ്ഗാന് സേനയിലെ ഒരു വലിയ സംഘം തന്നെ കൊല്ലപ്പെടുകയോ മുറിവേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നും താലിബാന് വക്താവ് പ്രസ്താവനയില്‍ പറയുന്നു.
കാബൂളില്‍ നിന്ന് 75 കിലോമീറ്റര്‍ അകലെയാണ് ലോഗാര്‍ സ്ഥിതി ചെയ്യുന്നത്. കാബൂളിന്റെ തലസ്ഥാനത്തേക്കുള്ള തന്ത്രപ്രധാനമായ പ്രവേശന കവാടമായാണ് ഇത് അറിയപ്പെടുന്നത്. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും താലിബാന്റെ സജീവ സാന്നിധ്യമുള്ളതാണ് ആക്രമണങ്ങളുണ്ടാകാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. അഫ്ഗ്നിസ്ഥാനിലെ തന്ത്രപ്രധാനമായ ഭാഗങ്ങളില്‍ അടുത്തിടെ നിരവധി ആക്രമണങ്ങളാണുണ്ടായത്. ശക്തമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കാത്തതാണ് ഇത്തരം സ്ഫോടനങ്ങള്‍ ഉണ്ടാവുന്നതെന്ന് ലാഗോറിലേതടക്കം പ്രാദേശികവൃത്തങ്ങള്‍ ആരോപിക്കുന്നു.
Discussion about this post