മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ഇന്ധന പൈപ്പ് പൊട്ടിത്തെറിച്ച് എഴുപത്തിമൂന്ന് പേര് മരിച്ചു. അപകടത്തില്‍ എഴുപത്തി നാലോളം പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. അതുകൊണ്ടു തന്നെ മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത. വെള്ളിയാഴ്ച്ച അര്‍ധരാത്രിയാണ് പൊട്ടിത്തെറി ഉണ്ടായത്.
മെക്സിക്കോയിലെ ഹിഡാല്‍ഗോയിലുള്ള ടെലഹ്യൂലില്പെനിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. ഇന്ധന മോഷ്ടാക്കള്‍ പൈപ്പ് ലൈന്‍ തുരന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം പെട്രോളിയം കമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്.
പെട്രോള്‍ എടുക്കാന്‍ നിരവധിയാളുകള്‍ കാനുകളുമായി എത്തിയതാണ് മരണസംഖ്യ ഇത്രയും കൂടാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പൊട്ടിത്തെറി ഉണ്ടായ സമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ജാഗ്രത കുറവാണ് മരണസംഖ്യ ഇത്രയും കൂടാന്‍ കാരണമെന്നാണ് ജനങ്ങളുടെ ആരോപണം.
ഇന്ധനമോഷണം പതിവായ മെക്സിക്കോയില്‍ പ്രസിഡന്റ് ലോപസ് ഒബ്റാഡര്‍ അധികാരത്തിലെത്തിയ ശേഷം പൈപ്പ് ലൈന്‍ സുരക്ഷയ്ക്കായി നിരവധി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ഇത്തരം പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. 2012ലും 2013ലും മെക്സിക്കോയില്‍ സമാന രീതിയില്‍ സ്ഫോടനങ്ങള്‍ ഉണ്ടായിരുന്നു. അന്ന് 63 പേര്‍ക്കാണ് ജീവന് നഷ്ടമായത്.
Discussion about this post