ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറില്‍ തെരേസ മേയ്ക്ക് കനത്ത തിരിച്ചടി. പ്രധാനമന്ത്രി മുന്നോട്ട് വെച്ച ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളി. 230 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കരാര്‍ പാര്‍ലമെന്റംഗങ്ങള്‍ തള്ളിയത്. തെരേസ മേയ്ക്ക് കനത്ത തിരിച്ചടി നല്‍കിയ വിധിയെഴുത്ത് ബ്രിട്ടനെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്.
എന്നാല്‍ കരാര്‍ പാര്‍ലമെന്റ് തള്ളിയതോടെ ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തിലായി. ഇനി ഉള്ളത് രണ്ട് വഴിയാണ്. രണ്ട് വര്‍ഷം മുന്‍പ് ഹിതപരിശോധനയിലൂടെ എടുത്ത ബ്രെക്‌സിറ്റ് തീരുമാനം റദ്ദാക്കണം. അല്ലെങ്കില്‍ ഉപാധികളൊന്നുമില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണം.
ബ്രീട്ടീഷ് പാലര്‍ലമെന്റിന്റെ ചരിത്രത്തില്‍ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണ് തേരേസാ മേയ്ക്ക് ലഭിച്ചിരിക്കുന്നത്. 432 പേര്‍ കരാറിനെതിരെ വോട്ട് ചെയ്തപ്പോള്‍ അനുകൂലിച്ചത് വെറും 202 പേര്‍ മാത്രമാണ്. പാര്‍ലമെന്റില്‍ കരാറിനെ എതിര്‍ത്തവരില്‍ 118 പേര്‍ ഭരണകക്ഷി അംഗങ്ങളാണ്.
അതേ സമയം സര്‍ക്കാരിനെതിരെ നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോര്‍ബിന്‍ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് തെരേസ മേ പറഞ്ഞു.