മലേഷ്യ: ബൈക്ക് റേസിംഗ് ഇഷ്ടപ്പെടുന്ന മകന്‍ അപകടത്തില്‍ പെടുമോയെന്ന് ഭയന്ന അച്ഛന്‍ മകന്റെ ബൈക്ക് കത്തിച്ചു. രാത്രി കാലങ്ങളില്‍ ബൈക്ക് റേസിംഗ് പതിവാക്കിയ മകന്‍ അപകടത്തില്‍പ്പെടുമോ എന്ന ഭയത്താലാണ് അച്ഛന്‍ ബൈക്കിന് തീയിട്ടത്.
സെന്‍ട്രല്‍ മലേഷ്യയിലെ ക്വാലാലംപൂരിന് സമീപത്തുള്ള ഷാ ആലം സ്വദേശിയായ വ്യക്തിയാണ് മകന്റെ ബൈക്ക് കത്തിച്ച്, മകന്റെ സുരക്ഷിതത്വം ഉറപ്പാക്കിയത്. താന്‍ ബൈക്ക് കത്തിക്കുന്നതിന്റെ വീഡിയോ ഇദ്ദേഹം തന്നെയാണ് ടിക് ടോക്കിലൂടെ പുറത്തുവിട്ടത്.
പേര് വെളിപ്പെടുത്താത്ത അച്ഛന്‍ തന്റെ മകന് വേണ്ടി മോട്ടോര്‍ സൈക്കിള്‍ വാങ്ങിയത് സ്‌കൂളിലേക്കുള്ള അവന്റെ യാത്ര കൂടുതല്‍ സൗകര്യപ്രദം ആക്കാനാണ്. എന്നാല്‍, മകന്‍ ബൈക്ക് റേസിംഗിന് അടിമയായതോടെ അച്ഛന്‍ ഭയത്തിലായി.
സ്‌കൂളില്‍ പോകാതെയും രാത്രികാലങ്ങളില്‍ വീട്ടില്‍ വരാതെയും ഒക്കെ മകന്‍ ബൈക്ക് റേസിംഗില്‍ പങ്കെടുത്ത് തുടങ്ങിയതോടെയാണ് ഇദ്ദേഹം കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയത്. തുടര്‍ന്ന് പലതവണ മകനെ ശാസിക്കുകയും ഉപദേശിക്കുകയും ചെയ്തുവെങ്കിലും മകന്‍ വഴങ്ങിയില്ല, പിന്നീട് ബൈക്കിന് തീയിടുകയായിരുന്നു.