ടെല്‍ അവീവ്: ഇസ്രായേലില്‍ മിസൈല്‍ ആക്രമണം ആരംഭിച്ച് ഇറാന്‍. ഇസ്രായേലിലെ ടെല്‍ അവീവില്‍ ഉള്‍പ്പെടെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ആക്രമണം നടത്തിയെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു.
മലയാളികള്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആക്രമണം തുടരുകയാണെന്നുമാണ് വിവരം. ഇസ്രായേലില്‍ അതിശക്തമായ ആക്രമണമാണ് നടക്കുന്നതെന്ന് ഇസ്രായേലിലുള്ള മലയാളികള്‍ പ്രതികരിച്ചു. ജോര്‍ദാനിലും മിസൈല്‍ ആക്രമണം ഉണ്ടായതായി മലയാളികള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുള്ളവര്‍ വീടുകളിലും മറ്റുമായുള്ള സുരക്ഷാ ബങ്കറുകളിലേക്ക് മാറിയിട്ടുണ്ട്.
മിസൈല്‍ ആക്രമണത്തില്‍ ഇതുവരെ കാര്യമായ ആള്‍നാശമുണ്ടായിട്ടില്ലെന്നാണ് ഇസ്രായേല്‍ അറിയിക്കുന്നത്. ഇസ്രായേലിന്റെ അയണ്‍ ഡോം മിസൈലുകളെ പ്രതിരോധിച്ചുവെന്ന വിവരം ഉള്‍പ്പെടെ പുറത്തുവന്നിട്ടില്ലെങ്കിലും ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതൊഴിച്ചാല്‍ ആള്‍നാശമുണ്ടായില്ലെന്നാണ് ഇസ്രായേല്‍ പറയുന്നത്.
ആക്രമണത്തെ തുടര്‍ന്ന് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. ഇസ്രായേലിനെതിരെ ആക്രമണം തുടങ്ങിയതായി ഇറാനും സ്ഥിരീകരിച്ചു. ആദ്യഘട്ടത്തില്‍ നൂറിലധികം മിസൈലുകളാണ് ഇറാന്‍ ഇസ്രായേലിനുനേരെ തൊടുത്തുവിട്ടത്. ജോര്‍ദാന്‍ നഗരങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാന്റെ മിസൈലുകള്‍ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിനിടെ, ടെല്‍ അവീവിലെ ജാഫ്‌നയില്‍ അക്രമി ജനക്കൂട്ടത്തിനേരെ വെടിയുതിര്‍ത്തു. സംഭവത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഭീകരാക്രമണം ആണെന്ന് കരുതുന്നതായി ഇസ്രായേല്‍ അധികൃതര്‍ അറിയിച്ചു.