സ്റ്റോക്ഹോം: സ്വീഡനിലും എം പോക്സ് രോഗം സ്ഥിരീകരിച്ചു. അടുത്തിടെ ആഫ്രിക്ക സന്ദര്‍ശിച്ച് മടങ്ങിയ സ്വീഡിഷ് പൗരനാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ഓര്‍ത്തോപോക്സ് വൈറസ് ജനുസ്സില്‍ പെട്ട മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എം പോക്സ്. 1958ല്‍ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പിന്നാലെ രോഗം ബാധിച്ച കുരങ്ങുകള്‍ അടക്കമുള്ള മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ മനുഷ്യരിലേക്കും രോഗം പടര്‍ന്നു.
1970-ല്‍ കോംഗോയില്‍ ഒമ്പത് മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞിലാണ് മനുഷ്യരില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കൂട്ട മരണത്തിന് ഇടയാക്കിയ വസൂരി വൈറസുകളുടെ അതേ വിഭാഗത്തിലാണ് മങ്കി പോക്സും ഉള്‍പ്പെടുന്നത്.
ശരീരത്തില്‍ ചുണങ്ങ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. പിന്നാലെ ഇവ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കളായി മാറുകയും ചെയ്യുന്നു. പനി, തലവേദന, പേശി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. എം പോക്സ് ബാധിച്ച് കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.
Discussion about this post