ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ എംപോക്‌സ് സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ നിന്ന് മടങ്ങിയെത്തിയ 34 വയസുകാരനിലാണ് രോഗബാധ കണ്ടെത്തിയത്. ഓഗസ്റ്റ് മൂന്നാം തീയ്യതി പാകിസ്ഥാനില്‍ എത്തിയ ഇയാള്‍, പെഷവാറില്‍ എത്തിയ ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്.
പെഷവാറിലെ ഖൈബര്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ നടത്തിയ പരിശോധനയില്‍ ഓഗസ്റ്റ് 13ന് എംപോക്‌സ് സ്ഥിരീകരിക്കുകയും ചെയ്തു. രോഗം കണ്ടെത്തിയ യുവാവുമായി ഇടപഴകിയ ആളുകളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായാണ് അധികൃതര്‍ പറയുന്നത്.
സൗദി അറേബ്യയില്‍ നിന്നുള്ള വിമാനത്തില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നവരെയും കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിദേശത്തു നിന്ന് കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ മൂന്ന് പേര്‍ക്ക് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം, പല ലോകരാജ്യങ്ങളിലും എംപോക്‌സ് രോഗബാധ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍ ചൈനയും കടുത്ത ജാഗ്രതയിലാണ്. അടുത്ത ആറ് മാസത്തേക്ക് രാജ്യത്ത് വരുന്ന ആളുകളെയും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളെയും നിരീക്ഷിക്കാനാണ് ചൈനയുടെ തീരുമാനം. കൊവിഡ് -19, എയ്ഡ്‌സ്, സാര്‍സ് പോലുള്ള രോഗങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുന്ന കാറ്റഗറി -ബിയിലാണ് ചൈന എംപോക്‌സിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.