ബ്രസീല്‍ വിമാന ദുരന്തം; നഷ്ടമായത് 8 ക്യാന്‍സര്‍ രോഗ വിദഗ്ധരെ, കൊല്ലപ്പെട്ട 62 പേരുടേയും മൃതദേഹം കണ്ടെത്തി

58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായി സാവോപോളയിലേക്ക് പുറപ്പെട്ട എടിആര്‍ 72 ഇരട്ട എന്‍ജിന്‍ വിമാനമാണ് ആടിയുലഞ്ഞ് ജനവാസ മേഖലയിലേക്ക് വീണ് തകര്‍ന്നത്.

സാവോപോളോ: ബ്രസീലില്‍ വെള്ളിയാഴ്ചയുണ്ടായ വിമാന അപകടത്തില്‍ കൊല്ലപ്പെട്ടത് 62 പേര്‍. അതില്‍ 8 ക്യാന്‍സര്‍ രോഗ വിദഗ്ധരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ക്യാന്‍സര്‍ രോഗ സംബന്ധിയായ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി പുറപ്പെട്ട എട്ട് ഡോക്ടര്‍മാരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 58 യാത്രക്കാരും 4 ക്രൂ അംഗങ്ങളുമായി സാവോപോളയിലേക്ക് പുറപ്പെട്ട എടിആര്‍ 72 ഇരട്ട എന്‍ജിന്‍ വിമാനമാണ് ആടിയുലഞ്ഞ് ജനവാസ മേഖലയിലേക്ക് വീണ് തകര്‍ന്നത്.

വിമാനം മുന്‍ഭാഗം കുത്തി നിലത്തേക്ക് പതിക്കുന്നതിന്റെ വിവിധ വീഡിയോകള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വോപാസ് എയര്‍ലൈനിന്റെ ചെറുവിമാനമാണ് തകര്‍ന്നത്. അപകടത്തില്‍ കൊല്ലപ്പെട്ട 62 പേരുടയും മൃതദേഹം വീണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നു.

ടിക്കറ്റ് എടുത്തിട്ടുള്ള യാത്രക്കാര്‍ക്കൊപ്പം മറ്റൊരാള്‍ കൂടെ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ശനിയാഴ്ച വിശദമാക്കിയത്. ഇതിന് പിന്നാലെയാണ് റീജിയണല്‍ മെഡിക്കല്‍ കൌണ്‍സില്‍ എട്ട് ഡോക്ടര്‍മാരുടെ മരണം സ്ഥിരീകരിക്കുന്നത്.

15 ഡോക്ടര്‍മാരാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ഈ വിമാനത്തില്‍ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതില്‍ 7 പേര്‍ ഇതിന് മുന്‍പുള്ള സര്‍വ്വീസുകള്‍ തെരഞ്ഞെടുത്തതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. യൂണിയോസ്റ്റെ സര്‍വ്വകലാശാലയിലെ നാല് പ്രൊഫസര്‍മാരും ഈ അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

34 പുരുഷന്‍മാരും 28 സ്ത്രീകളുടേയും മൃതദേഹം സാവോ പോളയിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് വയസ് പ്രായമുള്ള കുട്ടിയാണ് അപകടത്തില്‍ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞയാള്‍.

Exit mobile version