ലണ്ടൻ: വിമാനാപകടത്തിൽ മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) കൊല്ലപ്പെട്ടു. റഡാറിൽ നിന്നും കാണാതായ വിമാനം തകർന്ന നിലയിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് വൈസ് പ്രസിഡന്റ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. സോളോസിന് പുറമെ വിമാനത്തിൽ ഉണ്ടായിരുന്നത് പൈലറ്റടക്കം ഒമ്പത് പേരാണ്. ആരേയും രക്ഷിക്കാനായില്ല.
വിമാനാപകടത്തിൽ 10 പേരും മരിച്ചതായി മലാവി പ്രസിഡന്റ് ലസാറസ് ചക്വേരെ ടെലിവിഷൻ സന്ദേശത്തിൽ അറിയിച്ചു. മരിച്ചവരിൽ സോളോസിന്റെ ഭാര്യ മേരിയും രാഷ്ട്രീയ പാർട്ടിയായ യുണൈറ്റഡ് ട്രാൻസ്‌ഫോർമേഷൻ മൂവ്‌മെന്റിന്റെ പ്രമുഖ നേതാക്കളും ഉൾപ്പെടുന്നു.
ALSO READ-അശ്ലീല സന്ദേശമയച്ചതിന് കൊലപാതകം; നടൻ ദർശന്റെ സുഹൃത്ത് നടി പവിത്ര ഗൗഡയും അറസ്റ്റിൽ
തകർന്നുവീണ വിമാനം വനത്തിൽ കണ്ടെത്തുകയായിരുന്നു. മലാവി മുൻ മന്ത്രി റാൽഫ് കസാംബാരയുടെ സംസ്‌കാരച്ചടങ്ങുകൾക്കായാണ് തിങ്കളാഴ്ച സോളോസ് യാത്ര തിരിച്ചത്.
മോശം കാലാവസ്ഥയെ തുടർന്ന് മസുസിവിലെ വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന വിമാനം തലസ്ഥാനമായ ലിലോങ്വേയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പിന്നീട് വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായിരുന്നു.