ജറുസലം: ഇസ്രയേലിൽ നിന്നും ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ നാല് ഇസ്രയേലി പൗരന്മാരെ മോചിപ്പിച്ചു. കടുത്ത ബോംബാക്രമണത്തിന് പിന്നാലെയാണ് ബന്ദികളായി ഹമാസ് പാർപ്പിച്ചിരുന്ന 4 പേരെ ഇസ്രയേൽ സൈന്യം മോചിപ്പിച്ചത്.
തെക്കൻ ഇസ്രയേലിൽനിന്നു ഹമാസ് തട്ടിക്കൊണ്ടുപോയ നോവ അർഗമണി (25), മീർ ജാൻ (21), ആന്ദ്രെ കൊസ്‌ലോവ് (27), ശലോമി സിവ് (40) എന്നിവരെയാണു മോചിപ്പിച്ചത്. 8 മാസം മുൻപ് ഒക്ടോബറിലാണ് ഇവരെ ഹമാസ് കടത്തിക്കൊണ്ടുപോയത്.
അതേസമയം, ഇസ്രയേലിന്റെ സൈനിക നീക്കത്തിൽ നിരവധിപേർ മരിച്ചതായി പാലസ്തീൻ അധികൃതർ പറഞ്ഞു. മധ്യ ഗാസയിലെ അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ അതിരൂക്ഷമായ രക്തച്ചൊരിച്ചിലാണ് ഇസ്രയേൽ സൈന്യം നടത്തിയത്. ആക്രമണത്തിൽ 210 പലസ്തീൻകാർ കൊല്ലപ്പെട്ടു. നാനൂറിലേറെ പേർക്കു പരുക്കേറ്റു. ഇസ്രയേൽ സേന തിരക്കേറിയ പള്ളികളിലും മാർക്കറ്റിലുമടക്കം ബോംബാക്രമണം നടത്തിയതാണ് മരണനിരക്ക് കുതിച്ചുയരാൻ കാരണമായത്.
നേരത്തെ ഹമാസ് ബന്ദികളാക്കിയ 250 പേരിൽ നൂറോളം പേരെ വിട്ടയച്ചിരുന്നു. 40 പേരോളം തടവിൽ കിടന്ന് മരിച്ചെന്നാണു കരുതുന്നത്. മുഴുവൻ ബന്ദികളെയും മോചിപ്പിക്കും വരെ യുദ്ധം തുടരുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ, ഇസ്രയേൽ ആക്രമണത്തിൽ ഏതാനും ബന്ദികളും കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു.