മോസ്കോ: റഷ്യയിൽ പുഴയിൽ മുങ്ങി നാല് ഇന്ത്യൻ വിദ്യാർഥികൾ മരണപ്പെട്ടു. സെന്റ് പീറ്റേഴ്സ്ബെർഗിനടുത്തുള്ള പുഴയിൽ മുങ്ങിയാണ് വിദ്യാർഥികൾക്ക് ദാരുണമരണം സംഭവിച്ചത്. മരിച്ച നാലുപേരും ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളാണ്. പുഴയിൽ ഒഴുക്കിൽപ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നാലുപേർകൂടി അപകടത്തിൽ പെട്ടത്.
ഒഴുക്കിൽപെട്ട കൂട്ടുകാരിയെ രക്ഷിക്കാൻ പുഴയിലേക്ക് എടുത്തുചാടിയ മൂന്നുപേർ ഒഴുകിപ്പോയി. ഒരാളെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചു. ഇയാളുടെ നിലതൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.
വിദ്യാർഥികളുടെ മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞതായി സെന്റ് പീറ്റേഴ്സ്ബെർഗിലെ ഇന്ത്യൻ എംബസി എക്സിലൂടെ അറിയിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി സെന്റ് പീറ്റേഴ്സ്ബെർഗിലെ കോൺസുലേറ്റ് ജനറൽ പറഞ്ഞു. അപകടത്തിൽപ്പെട്ടവരെല്ലാം വെലികി നൊവ്ഗൊറൊഡ് സിറ്റിയിലെ നൊവ്ഗൊറൊഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളാണ്.
നിലവിൽ ഒരു വിദ്യാർഥിയുടെ മൃതദേഹം മാത്രമേ ലഭിച്ചിട്ടുള്ളൂ. മറ്റ് മൂന്നുപേരുടെയും മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുകയാണ്. ഇവരുടെ കൂടി മൃതദേഹങ്ങൾ ലഭിച്ചശേഷമായിരിക്കും മറ്റ് നടപടികൾ കൈക്കൊള്ളുക. വിദ്യാർഥികളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
വെലികി നൊവ്ഗൊറൊഡ് അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹങ്ങൾ എത്രയുംപെട്ടെന്ന് നാട്ടിൽ ബന്ധുക്കളുടെ അടുത്തെത്തിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാർഥികളുടെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ആവശ്യമായ സഹായങ്ങളെല്ലാം വാ്ഗദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്, കോൺസുലേറ്റ് ജനറൽ എക്സിലൂടെ വ്യക്തമാക്കി.
Discussion about this post