ലണ്ടന്‍: ലണ്ടനില്‍ മലയാളി പെണ്‍കുട്ടിക്ക് അജ്ഞാതന്റെ വെടിയേറ്റു. ലണ്ടനിലെ ഹാക്ക്നിയില്‍ ബുധനാഴ്ച രാത്രി 9.20 ന് നടന്ന വെടിവെപ്പില്‍ 10 വയസ്സുള്ള മലയാളി പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. എറണാകുളം പറവൂര്‍ ഗോതുരുത്ത് സ്വദേശിയായ ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകള്‍ ലിസ്സെല്‍ മരിയയ്ക്കാണ് വെടിയേറ്റത്. വടക്ക് കിഴക്കന്‍ ലണ്ടനിലെ ഡാള്‍ട്ടണ്‍ കിങ്സ്ലാന്‍ഡ് ഹൈ സ്ട്രീറ്റിലെ ഒരുറസ്റ്റന്റിന് സമീപം ബൈക്കില്‍ എത്തിയ ഒരാളാണ് വെടിവെപ്പ് നടത്തിയത്.
അക്രമികള്‍ ലക്ഷ്യമിട്ടത് പെണ്‍കുട്ടിക്ക് ഒപ്പം വെടിയേറ്റ മറ്റ് മൂന്ന് പുരുഷന്മാരെയെന്ന് പോലീസ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മലയാളി പെണ്‍കുട്ടിയുടെ നിലയും ഗുരുതരമാണ്. വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്നാണ് വിവരം.
പെണ്‍കുട്ടിയും വെടിയേറ്റ മറ്റുള്ളവരുമായി ഒരു പരിചയവും ഇല്ലെന്നും അക്രമികള്‍ എത്തിയത് മോഷ്ടിച്ച ബൈക്കിലാണെന്നും പോലീസ് വ്യക്തമാക്കി. ഈ ബൈക്ക് വെടിവയ്പ്പ് നടന്നതിന് തൊട്ടടുത്ത് നിന്ന് തന്നെ കണ്ടെത്തി.
ഈ മലയാളി കുടുംബം വര്‍ഷങ്ങളായി ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലാണ് താമസം. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടനിലെ ഹക്നിയിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ബൈക്കിലെത്തിയ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. ലിസ്സല്‍ അടക്കം നാല് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
Discussion about this post