സിഡ്‌നി: ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി (എച്ച് 5 എൻ 1) സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകൾക്ക് മുൻപ് ഇന്ത്യയിലെത്തി മടങ്ങിയ കുട്ടിയിലാണ് രോഗം കണ്ടെത്തിയത്. കുട്ടിക്ക് ഇന്ത്യയിൽ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നാണ് നിലവിലെ നിഗമനം.
ഇത് ഓസ്ട്രേലിയയിലെ ആദ്യത്തെ എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്‌ലുവൻസ കേസാണ്. വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്‌ലുവൻസ (എച്ച് 5 എൻ 1) അണുബാധ സ്ഥിരീകരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട ഏവിയൻ ഇൻഫ്‌ലുവൻസയുടെ കൂടുതൽ കേസുകളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിക്ടോറിയ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരാനുള്ള സാധ്യത വളരെ കുറവാണ്. ഏവിയൻ ഇൻഫ്‌ലുവൻസ അല്ലെങ്കിൽ പക്ഷിപ്പനി എന്നും അറിയപ്പെടുന്ന എച്ച് 5 എൻ 1 വൈറസ് പ്രാഥമികമായി പക്ഷികളെ ബാധിക്കുന്ന രോഗമാണ്. മനുഷ്യരിലെ ഉയർന്ന മരണനിരക്കും ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കാനുള്ള സാധ്യതയും കാരണം എച്ച് 5 എൻ 1 ആശങ്കാജനകമാണ്.
also read- ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും ഒക്കെ നാട് തന്നെയാണ്; മത വിദ്വേഷം നടത്തുന്നവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും: ഷെയ്ൻ നിഗം
രോഗലക്ഷണങ്ങൾ: ഉയർന്ന പനി, ചുമ, തൊണ്ടവേദന, പേശി വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം പുരോഗമിക്കുമ്പോൾ ശ്വാസതടസ്സം, ന്യുമോണിയ തുടങ്ങിയ ഗുരുതരമായ ശ്വാസകോശ ലക്ഷണങ്ങൾ വികസിച്ചേക്കാം. വയറിളക്കം, വയറുവേദന, ഛർദ്ദി തുടങ്ങിയ ദഹനനാളത്തിന്റെ ലക്ഷണങ്ങളും സാധാരണമാണ്.