ടെഹ്റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു. പൂർണമായും കത്തിനശിച്ച ഹെലികോപ്റ്ററിൽ ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ഇറാൻ റെഡ് ക്രസന്റ് അധികൃതർ അറിയിച്ചിരുന്നു. പിന്നാലെയാണ് മരണവാർത്ത സ്ഥിരീകരിക്കപ്പെട്ടത്.
ഹെലികോപ്റ്ററിൽ ഇബ്രാഹിം റെയ്‌സിക്കൊപ്പം യാത്ര ചെയ്തിരുന്ന വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും മരിച്ചു. കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്.
ഇറാൻ അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഇബ്രാഹിം റെയ്‌സിയും മന്ത്രിയും. ഉദ്ഘാടനശേഷം ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങവെയാണ് അപകടമുണ്ടായത്.
മൂന്നു ഹെലികോപ്റ്ററുകൾ അദ്ദേഹത്തിന്റെ വ്യൂഹത്തിലുണ്ടായിരുന്നുവെന്നും രണ്ടെണ്ണം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായെത്തിയെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്തു. പ്രസിഡന്റും വിദേശകാര്യമന്ത്രിയും പ്രാദേശിക ഉദ്യോഗസ്ഥരും യാത്രചെയ്തിരുന്ന ഹെലികോപ്റ്റർ എത്തിയിട്ടില്ലെന്ന് മാധ്യമമായ ‘ഷർഗ്’ അറിയിച്ചിരുന്നു.
1960ൽ ജനിച്ച റെയ്‌സി, ടെഹ്‌റാനിലെ പ്രോസിക്യൂട്ടർ ജനറലും നിയമകാര്യവിഭാഗത്തിന്റെ ഉപമേധാവിയും രാജ്യത്തിന്റെ പ്രോസിക്യൂട്ടർ ജനറലുമായിരുന്നു.2017 ൽ ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നാലെ, 2019ൽ ജുഡീഷ്യറി മേധാവി പദവിയിലെത്തുകയും രണ്ടുവർഷത്തിനുശേഷം 2021 ജൂണിൽ 62 ശതമാനം വോട്ടുനേടി പ്രസിഡന്റ് സ്ഥാനത്തുമെത്തി.
അടുത്ത പരമോന്നത ആത്മീയ നേതാവിനെ നിർണയിക്കാനുള്ള വിദഗ്ധ സഭയുടെ ഉപ ചെയർമാൻ പദവിയിലും റെയ്‌സി നിയമിതനായി. അമേരിക്ക ഉപരോധമേർപ്പെടുത്തിയ ഇറാൻ നേതാക്കളുടെ പട്ടികയിൽ റെയ്‌സിയുമുണ്ടായിരുന്നു. 2019ൽ ഡോണൾഡ് ട്രംപ് ആണ് റെയ്‌സിക്ക് വിലക്കേർപ്പെടുത്തിയത്. ഉക്രൻ-റഷ്യ യുദ്ധത്തിൽ റഷ്യയ്ക്ക് ആയുധം നൽകി സഹായിച്ചതിനായിരുന്നു വിലക്ക്.