വാഷിങ്ടൺ: മനുഷ്യവൃക്കയ്ക്ക് പന്നിയുടെ വൃക്ക ശരീരത്തിൽ മാറ്റിവെച്ച 62കാരന് മരണം സംഭവിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു മാസത്തിനു ശേഷമാണ് റിച്ചാർഡ് സ്‌ലായ്മാൻ എന്ന യുഎസ് പൗരന്റെ മരണം. അതേസമയം, വൃക്കമാറ്റിവെച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളല്ല മരണത്തിലേക്ക് നയിച്ചതെന്ന് വിദഗ്ധർ അറിയിച്ചു.
മസാചുസെറ്റ്‌സ് ജനറൽ ആശുപത്രിയിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. ലോകചരിത്രത്തിൽ തന്നെ ആദ്യ സംഭവമായിരുന്നു പന്നിയുടെ വൃക്ക മനുഷ്യനിൽ മാറ്റിവെച്ച ശസ്ത്രക്രിയ. മാർച്ചിലായിരുന്നു ഈ ശസ്ത്രക്രിയ നടന്നത്. മരണം സംഭവിച്ച് രണ്ടാഴ്ചക്കു ശേഷമാണ് ആശുപത്രി അധികൃതർ വിവരം പുറംലോകത്തെ അറിയിച്ചത്.
റിച്ചാർഡിന്റെ മരണകാരണം എന്താണ് എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മസാചുസെറ്റ്‌സിലെ വെയ്മൂത്തിലാണ് റിച്ചാർഡിന്റെ സ്വദേശം. ടൈപ് 2 പ്രമേഹവും ഹൈപർ ടെൻഷനും ബാധിച്ച് ചികിത്സയിലായിരുന്ന റിച്ചാർഡിന് പിന്നീട് വൃക്കകൾ തകരാറിലായിരുന്നു. തുടർന്ന് റിച്ചാർഡിന് 2018ൽ ഇതേ ആശുപത്രിയിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു. അന്ന് മനുഷ്യന്റെ വൃക്കയായിരുന്നു മാറ്റിവെച്ചത്. എന്നാൽ ദാതാവിന്റെ വൃക്ക റിച്ചാർഡിന്റെ ശരീരം തിരസ്‌കരിച്ചതോടെ 2023 മേയിൽ ഗുരുതരാവസ്ഥയിലായ അദ്ദേഹത്തിന് ഡയാലിസിസ് നടത്തിയുരുന്നു.
പിന്നീടാണ് പരീക്ഷണാർഥം ഇക്കഴിഞ്ഞ മാർച്ചിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെക്കുന്നത്. മറ്റൊരു സ്പീഷീസിൽ നിന്ന് മനുഷ്യനിലേക്ക് അവയവ മാറ്റം നടത്തുന്ന സെനോട്രാൻസ്പ്ലാന്റേഷൻ എന്ന പ്രക്രിയയാണ് നടത്തിയത്.
Discussion about this post