ലണ്ടൻ: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിതരണം ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീൽഡിന് പാർശ്വഫലങ്ങളുണ്ട് എന്ന് സമ്മതിച്ച് നിർമാതാക്കൾ. വാക്‌സിൻ സ്വീകരിച്ചവരിൽ അപൂർവം സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്ന് നിർമാതാക്കളായ അസ്ട്രസെനക്ക കമ്പനി തുറന്നുസമ്മതിച്ചു.
അതേസമയം, കോവിഷീൽഡിന് പാർശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. കോവിഷീൽഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാൻഡ് നാമങ്ങളിൽ ആഗോളതലത്തിൽ തന്നെ ഉപയോഗിച്ച വാക്‌സിനാണിത്. കോവിഡ് ലോക്ഡൗൺ കാലത്ത് കേരളത്തിലടക്കം സർക്കാർ സംവിധാനങ്ങളിലൂടെ ഈ വാക്‌സിൻ വിതരണം ചെയ്തിരുന്നു.
അസ്ട്രസെനക്ക കമ്പനി ഓക്സ്ഫഡ് സർവകലാശാലയുമായിച്ചേർന്നാണ് ഈ വാക്‌സിൻ വികസിപ്പിച്ചത്. കോവിഡിനെ കുറിച്ച് വേണ്ടത്ര പഠനങ്ങൾ ലഭ്യമല്ലാതിരുന്ന സമയത്ത് നിർമ്മിച്ച വാക്‌സിന് എതിരെ അന്നു തന്നെ സംശയങ്ങൾ ഉയർന്നിരുന്നു. പിന്നീട് യുകെയിൽ വാക്‌സിൻ സ്വീകരിച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയർന്നിരുന്നു.
തുടർന്ന് ഒട്ടേറെ കുടുംബങ്ങൾ അസ്ട്രസെനക്കയ്‌ക്കെതിരെ കോടതിയിൽ പോയതോടെയാണ് കമ്പനി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. വാക്സിൻ സ്വീകരിച്ചശേഷം മതിഷ്‌കത്തിന് സ്ഥിരമായ തകരാറുണ്ടായി എന്നുചൂണ്ടിക്കാണിച്ച് 2021 ഏപ്രിലിൽ ജെയ്മി സ്‌കോട്ട് എന്നയാളാണ് ആദ്യമായി കേസ് നൽകിയത്.
also read- ലോക്‌സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്, ഏറ്റവും കൂടുതല്‍ വടകരയില്‍
രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റ് കുറയുകയും ചെയ്യുന്ന ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിൻഡ്രോമാണ് (ടിടിഎസ്) അദ്ദേഹത്തെ ബാധിച്ചത്. ഇതോടെ അപൂർവം സന്ദർഭങ്ങളിൽ കോവിഷീൽഡ് ടിടിഎസിനും ഇടയാക്കുമെന്ന് ബ്രിട്ടനിലെ ഹൈക്കോടതിയിൽ നൽകിയ രേഖകളിൽ അസ്ട്രസെനക്ക സമ്മതിച്ചു.
ഒട്ടേറെ സുരക്ഷാ ആശങ്കകൾ ഉയർന്നതോടെ അസ്ട്രസെനക്ക-ഒക്സ്ഫഡ് വാക്സിന്റെ ഉപയോഗം യുകെയിൽ നിർത്തിവെച്ചിരുന്നു.
Discussion about this post