പ്ലസന്റണ്‍: യുഎസിലെ കാലിഫോര്‍ണിയയിലുള്ള പ്ലസന്റണില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിന് ദാരുണാന്ത്യം. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് കാര്‍ അപകടത്തില്‍ മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ മറിഞ്ഞ് തീ പിടിക്കുകയായിരുന്നു.
കാലിഫോര്‍ണിയയിലെ സ്റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. അപകടത്തിന് പിന്നാലെ തീപിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണ്.
തരുണ്‍ ജോര്‍ജും കുടുംബവും സഞ്ചരിച്ചിരുന്നത് ഇലക്ട്രിക് കാറിലാണ്. വാഹനമോടിച്ചിരുന്ന തരുണ്‍ മദ്യപിച്ചിരുന്നതായി കരുതുന്നില്ലെന്നും അമിത വേഗത മൂലം അപകടം സംഭവിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. കൊല്ലപ്പെട്ട കുട്ടികള്‍ യൂണിഫൈഡ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.
Discussion about this post