ന്യൂയോര്‍ക്ക്: ചരക്കുകപ്പല്‍ ബാള്‍ട്ടിമോര്‍ പാലത്തിലിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ ആറ് പേരും മരിച്ചതായി റിപ്പോര്‍ട്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ കോസ്റ്റ് ഗാര്‍ഡ് അവസാനിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ പാലത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നെന്നാണ് വിവരം. ശ്രീലങ്കയിലേക്ക് ചരക്കുമായി യാത്ര തിരിച്ച, സിങ്കപ്പൂര്‍ കൊടിയുള്ള ദാലി എന്ന കപ്പല്‍ കഴിഞ്ഞ ദിവസമാണ് പാലത്തിലിടിച്ചത്. തുറമുഖത്തുനിന്ന് പുറപ്പെട്ട് അരമണിക്കൂറിനകമായിരുന്നു അപകടം.
അപകടസമയം 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇവരെല്ലാം ഇന്ത്യക്കാരാണെന്നും സുരക്ഷിതരാണെന്നും കപ്പല്‍ കമ്പനിയായ സിനെര്‍ജി സ്ഥിരീകരിച്ചു. കപ്പലില്‍ വൈദ്യുതി ബന്ധം നഷ്ടമായെന്നും അലേര്‍ട്ട് ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ബാള്‍ട്ടിമോറിലെ സീഗര്‍ട്ട് മറൈന്‍ ടെര്‍മിനലില്‍നിന്ന് കപ്പല്‍ പുറപ്പെട്ടത്. ഏകദേശം ഒന്നരയോടെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണിലേക്ക് കപ്പല്‍ ഇടിച്ചു കയറുകയായിരുന്നു. പറ്റാപ്‌സ്‌കോ നദിക്കു മുകളില്‍ രണ്ടരക്കിലോമീറ്റര്‍ നീളമുള്ള നാലുവരി പാലമാണ് തകര്‍ന്ന് വീണത്.
ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകര്‍ന്ന് നദിയിലേക്കു വീണു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു. ചരക്കുകപ്പലിന്റെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്നത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കാണ്. പാലക്കാട് സ്വദേശിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കപ്പലാണ് കഴിഞ്ഞ ദിവസം ബാള്‍ട്ടിമോറിലെ പാലത്തില്‍ ഇടിച്ചത്. ലോകത്തെ മുന്‍നിര കപ്പല്‍ കമ്പനികളില്‍ ഒന്നാണ് സിനര്‍ജി മറൈന്‍ ഗ്രൂപ്പ്.
Discussion about this post