കാഠ്മണ്ഡു: നേപ്പാളില്‍ ആര്‍ത്തവ ‘അശുദ്ധി’യെത്തുടര്‍ന്ന് മാറ്റിത്താമസിപ്പിച്ച യുവതിയേയും ഇവരുടെ കുട്ടികളേയും മരിച്ചനിലയില്‍ കണ്ടെത്തി. തണുപ്പ് അകറ്റാന്‍ കത്തിച്ച നെരിപ്പോടില്‍ നിന്നുമുള്ള പുക മൂലം ശ്വാസംമുട്ടിയായിരുന്നു യുവതിയും രണ്ടുകുട്ടികളും മരിച്ചത്. രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് മരണം സംഭവിച്ചത്.
പടിഞ്ഞാറന്‍ നേപ്പാളിലെ ബജുര ജില്ലയിലായിരുന്നു സംഭവം. യുവതിയുടെ പുതപ്പിനു തീപിടിച്ച് കത്തിയിരുന്നു. ഇവരുടെ കാലിനും പൊള്ളലുണ്ട്. പന്ത്രണ്ടും ഒന്‍പതും വയസുള്ള രണ്ട് ആണ്‍കുട്ടികളാണ് യുവതിക്കൊപ്പമുണ്ടായിരുന്നത്. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
നേപ്പാളില്‍ സ്ത്രീകളുടെ ആര്‍ത്തവകാലം അശുദ്ധിയായാണ് പരിഗണിക്കുന്നത്. അതിനാല്‍ തീണ്ടാരിയായ സ്ത്രീയെ വീട്ടില്‍നിന്നും പുറത്താക്കി മാറ്റി താമസിപ്പിക്കുകയാണ് ചെയ്യുന്നത്. ആര്‍ത്തവവും പ്രസവവും മത ആചാരപ്രകാരം അശുദ്ധിയാണ്. ഇത്തരം സ്ത്രീകളെ കണ്ടാല്‍ തീണ്ടല് ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിനാല്‍ ആര്‍ത്തവമുള്ള സ്ത്രീകളെ പ്രത്യേക കുടിലുകള്‍ നിര്‍മിച്ചോ കാലിത്തൊഴുത്തിലോ ആയിരിക്കും താമസിപ്പിക്കുക.
ഈ സമയത്ത് ഇത്തരം സ്ത്രീകള്‍ക്ക് പുരുഷനെയോ കന്നുകാലികളേയോ തൊടാന്‍ അവകാശമുണ്ടായിരിക്കില്ല. വീട്ടിലെ ശുചിമുറികള്‍ ഇവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. ഗ്രാമത്തിനു വെളിയിലാകും ഇത്തരം സ്ത്രീകളെ പാര്‍പ്പിക്കുക. മഴയും വെയിലും മഞ്ഞും സഹിച്ച് ഒറ്റയ്ക്കാവും സ്ത്രീകള്‍ ഇത്രയും നാള് തള്ളിനീക്കുക.
ക്രിമിനലുകളുടെ ആക്രമണവും പലര്‍ക്കും നേരിടാറുണ്ട്. കൗമാരക്കാരികള്‍ക്ക് സ്കൂളില്‍പോകാന്‍ ഇതുമൂലം സാധിക്കുകയുമില്ല. അടുത്തിടെ ഇത്തരം കുടിലുകളില്‍ താമസിച്ച നിരവധി സ്ത്രീകള്‍ മരണപ്പെട്ടിരുന്നു. പാമ്പ് കടിയേറ്റ് കൗമാരക്കാരി മരിച്ചത് ഏതാനും ദിവസം മുമ്പായിരുന്നു.
Discussion about this post