കോംഗോയില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഫെലിക്‌സ് ഷിലോംബോക്ക് ജയം

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഫെലിക്‌സ് ഷിലോംബോ 38.57 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് ഫെലിക്‌സ് ഷിസേകെഡി ഷിലോംബോ വിജയമെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഫെലിക്‌സ് ഷിലോംബോ 38.57 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

കണക്കുകള്‍ പ്രകാരം ഫെലിക്‌സ് ഷിലോംബോ എഴ് ദശലക്ഷം വോട്ടുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനത്തുള്ള വ്യവസായി കൂടിയായ മാര്‍ട്ടിന്‍ ഫായുലു 6.7 ദശലക്ഷം വോട്ടുകള്‍ നേടി. 2001 മുതല്‍ കോംഗോയുടെ പ്രസിഡന്റ് സ്ഥാനത്തുള്ള ജോസഫ് കബിലയുടെ വിശ്വസ്ഥനായ മുന്‍ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന എമ്മാനുവല്‍ റാമസാനി 4.4 ദശലക്ഷം വോട്ടുകള്‍ സ്വന്തമാക്കിയതായും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നു. നാലുകോടി വോട്ടര്‍മാരാണ് കോംഗോയിലുള്ളത്.

തിരഞ്ഞെടുപ്പ് ഫലം വൈകുന്നതിനെ ചൊല്ലി കോംഗോ നാഷണല്‍ ഇന്‍ഡിപെന്‍ഡന്റ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നില്‍ നടന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതിന് പിറകെയാണ് ഫലം പുറത്തുവിട്ടത്. വന്‍ സുരകക്ഷാ സന്നാഹമായിരുന്നു ഓഫീസിന് പുറത്ത് ഒരുക്കിയിരുന്നത്.

മുന്‍ പ്രസിഡന്റ് കബിലയുടെ കാലാവധി 2016-ല്‍ പൂര്‍ത്തിയായിരുന്നെങ്കിലും വോട്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടതോടെ തിരഞ്ഞെടുപ്പ് രണ്ടുവര്‍ഷത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു. അതേസമയം 12.6 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതുമായി ബന്ധപ്പെട്ടുള്ള വിവാദത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പിനിടെ അക്രമങ്ങള്‍ ഉള്‍പ്പെടെ നടന്നിരുന്നു. വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Exit mobile version