ജറുസലേം: പാലസ്തീനിൽ ഇസ്രയേൽ തുടരുന്ന കൂട്ടവംശഹത്യയിൽ പ്രതിഷേധിച്ച് മുഹമ്മദ് ഇഷ്തയ്യ പാലസ്തീൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ഇഷ്തയ്യ രാജിക്കത്ത് ഫലസ്തീൻ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് കൈമാറി. ഇക്കാര്യം ഇഷ്തയ്യ തന്നെയാണ് സ്ഥിരീകരിച്ചത്.
ഗാസയിലെ വംശഹത്യയും അധിനിവേശ വെസ്റ്റ് ബാങ്കിലെ ആക്രമണവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് ഇഷ്തയ്യ പ്രതികരിച്ചു. വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഭരിക്കുന്ന തന്റെ സർക്കാർ രാജിവെക്കുകയാണ് എന്നാണ് അദ്ദേഹം അറിയിച്ചത്.
‘ജറുസലേമിലെയും വെസ്റ്റ് ബാങ്കിലേയും ഇസ്രായേലിന്റെ അക്രമണങ്ങളുടെ വർധനയും ഗാസ മുനമ്പിലെ യുദ്ധവും വംശഹത്യയും പട്ടിണിയും കണക്കിലെടുത്താണ് രാജി’-ഇഷ്തയ്യ വിശദീകരിച്ചു.
ഈ വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാൻ കഴിവുള്ള പുതിയ സർക്കാർ രൂപീകരിക്കേണ്ട ആവശ്യകതയെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.