മതവികാരം വ്രണപ്പെടുത്തുന്നെന്ന പരാതിയെ തുടര്‍ന്ന് ഖുറാന്‍ വചനങ്ങള്‍ പ്രിന്റ് ചെയ്ത ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ആമസോണ്‍ നിര്‍ത്തലാക്കി.
ഖുറാന്‍ വചനങ്ങള്‍ എഴുതിയ ഡോര്‍ മാറ്റ്, ബാത്ത് മാറ്റ് തുടങ്ങിയ ഉത്പന്നങ്ങളാണ് ആമസോണ്‍ നിര്‍ത്തലാക്കുന്നതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലിം ഉപദേശക സംഘടനയായ അമേരിക്കന്‍- ഇസ്ലാമിക് റിലേഷന്‍സ് (സിഎഐആര്‍) ആണ് അതുസംബന്ധിച്ച് ആദ്യമായി ആമസോണിന് പരാതി നല്‍കിയത്.
ഉത്പന്നങ്ങളെക്കുറിച്ച് സമുദായത്തിലെ അംഗങ്ങളില്‍നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് ആമസോണുമായി ബന്ധപ്പെട്ടതെന്ന് സിഎഐആര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ആമസോണില്‍ വില്‍ക്കുന്ന ഇത്തരം നിന്ദ്യമായ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് സിഎഐആര്‍. ഉത്പന്നങ്ങളില്‍ ഇസ്ലാമിക് കലിഗ്രാഫിയിലാണ് എഴുതിയിരിക്കുന്നത്. പ്രവാചകനായ മുഹമ്മദ്, ഖുറാനിലെ വചനങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഉത്പന്നങ്ങളില്‍ പ്രധാനമായും എഴുതിയിരിക്കുന്നത്.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച സ്‌പെയിനീലെ അല്‍ ഹംബ്ര കൊട്ടാരത്തിന്റെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ടോയ്‌ലറ്റ് സീറ്റ് കവര്‍ അടക്കമുള്ള ഉത്പന്നങ്ങള്‍ ആമസോണില്‍ വില്‍ക്കുന്നതായും സിഎഐആര്‍ ചൂണ്ടിക്കാട്ടി.
അതേസമയം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ ഗൈഡ് ലൈന്‍സ് ഓരോ വില്‍പനക്കാരനും പിന്‍തുടരണമെന്നും, ഇതിനെതിരെ പ്രവര്‍ത്തിക്കുന്നവരുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നും ആമസോണ്‍ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. സംശയാസ്പദമായ ഉല്‍പന്നങ്ങള്‍ ഞങ്ങളുടെ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുന്നുമെന്നും ആമസോണ്‍ അറിയിച്ചു.