ഇസ്ലാമാബാദ്: 2024 ഫെബ്രുവരി 8ന് നടക്കാനിരിക്കുന്ന പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ഹിന്ദു വനിത. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ ബുനര്‍ ജില്ലയില്‍ നിന്ന് മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാണ് ഡോ.സവീര പ്രകാശ്. ഇതോടെ പാകിസ്ഥാനില്‍ രാഷ്ട്രീയ രംഗത്തെ മാറ്റത്തിന് ചുക്കാന്‍ പിടിക്കാനാകുമെന്നാണ് ഡോ. സവീര പ്രകാശിന്റെ പ്രതീക്ഷ.
പി.കെ-25 സീറ്റിലേക്ക് മത്സരിക്കുന്ന സവീര നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ബുനറിലെ പാകിസ്താന്‍ പിപ്പിള്‍സ് പാര്‍ട്ടിയുടെ വനിതാ വിഭാഗം ജില്ല ജനറല്‍ സെക്രട്ടറിയാണ് സവീര.
പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) അംഗമായ സവീര 2022 ല്‍ അബോട്ടാബാദ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടി. പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. ഓം പ്രകാശാണ് സവീരയുടെ അച്ഛന്‍.
തന്റെ മകളെ രാഷ്ട്രീയ ലോകത്തേക്ക് കൊണ്ടുവരാന്‍ പിപിപി ആഗ്രഹിച്ചെന്നും പാകിസ്ഥാനിലെ പൊതുജീവിതത്തില്‍ പെണ്‍കുട്ടികളുടെ സാന്നിധ്യം വളരെ കുറവാണെന്ന് തോന്നിയിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ മത്സരിക്കാനുള്ള മകളുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഓംപ്രകാശ് പറഞ്ഞു.
ഡോക്ടര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ മോശം അവസ്ഥ അനുഭവിച്ചതില്‍ നിന്നാണ് നിയമസഭാംഗമാകാനുള്ള മോഹം ഉണ്ടായതെന്നും പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പിതാവിന്റെ പാത പിന്‍തുടരാന്‍ ആഗ്രഹിക്കുന്നതായും സവീര പറയുന്നു.
ALSO READ കണ്ണൂരില്‍ പഴയങ്ങാടി പാലത്തിന് മുകളില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു, ഒഴിവായത് വന്‍ ദുരന്തം
തെരഞ്ഞെടുപ്പ് രംഗത്ത് പ്രവേശിക്കാൻ പുരുഷന്മാർക്ക് എളുപ്പമാണ്. അതേസമയം സ്ത്രീകൾക്ക് പൊതു പിന്തുണ നേടുന്നത് ബുദ്ധിമുട്ടാണ്. ഈ മേഖലയിൽ നിന്ന് മത്സരത്തിനിറങ്ങുന്ന ആദ്യത്തെ സ്ത്രീയാണ് ഞാൻ. എനിക്ക് ഒരു മാതൃക സൃഷ്ടിക്കാനും മറ്റ് സ്ത്രീകളെ പ്രചോദിപ്പിക്കാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ജനറൽ സീറ്റിലേക്ക് മത്സരിക്കുന്നതിലൂടെ സമൂഹത്തിൻ്റെ പ്രാതിനിധ്യം വർധിക്കും. എൻ്റെ സമുദായത്തിൽ നിന്നുള്ള മറ്റുള്ളവർ സംവരണ സീറ്റുകളിലേക്ക് മത്സരിക്കുന്നു. എൻ്റെ പങ്കാളിത്തം അവരുടെ പ്രാതിനിധ്യം വർധിപ്പിക്കും. സവീര പറഞ്ഞു.
Discussion about this post