ന്യൂഡൽഹി: അറബിക്കടലിൽ വീണ്ടും സൊമാലിയൻ തീരത്ത് നിന്നും ചരക്കുകപ്പൽ റാഞ്ചി. ലൈബീരിയൻ പതാകയുള്ള എംവി ലില നോർഫോക് എന്ന ചരക്കുകപ്പലാണ് കൊള്ളക്കാർ തട്ടിയെടുത്തത് എന്നാണ് റിപ്പോർട്ട്. സായുധരായ ആറ് കൊള്ളക്കാരാണ് കപ്പൽ റാഞ്ചിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകീട്ടാണ് കപ്പൽ റാഞ്ചിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കപ്പലിൽ ജീവനക്കാരായി 15 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ നിരീക്ഷണം ആരംഭിച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിന് ആവശ്യമായ രീതിയിൽ സഹായമെത്തിക്കുന്നതിനായി ഐഎൻഎസ് ചെന്നൈയേയും എംപിഎയും(മാരിടൈം പട്രോൾ എയർക്രാഫ്റ്റ്) വിന്യസിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ കപ്പലിന് മുകളിലൂടെ പറന്ന നിരീക്ഷണ വിമാനം ജീവനക്കാർ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കപ്പലിന്റെ നീക്കം എംപിഎ നിരീക്ഷിച്ചുവരികയാണ് എന്ന് നാവിക സേന അറിയിച്ചു. പ്രദേശത്തെ മറ്റ് ഏജൻസികളുമൊത്ത് ഏകോപനത്തോടെ സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.
Discussion about this post