ടോക്യോ: ജപ്പാനെ വിറപ്പിച്ച് പുതുവത്സരദിനത്തിൽ ഉണ്ടായ ഭൂകമ്പം തൊട്ടടുത്ത ദിവസവും തുടർന്നത് രക്ഷാപ്രവർത്തനത്തേയും ബാധിക്കുന്നു. ശക്തമായ ഭൂകമ്പത്തിലും തുടർ ഭൂകമ്പങ്ങളിലുമായി 12 പേർ മരിച്ചതായി റിപ്പോർട്ട്. ജപ്പാൻ കടലോരത്തെ ഇഷികാവയിലെ നോതോയിൽ പ്രാദേശികസമയം തിങ്കളാഴ്ച വൈകീട്ട് 4.10-നാണ് 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചനമാണുണ്ടായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചയും ഭൂചലനങ്ങളുണ്ടായതാണ് തിരിച്ചടിയായത്.
ദുരന്തത്തിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതായും ആളപായമുണ്ടായതായും ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിഡ ചൊവ്വാഴ്ച പറഞ്ഞു. ഭൂചലനത്തിൽ പതിനായിരക്കണക്കിന് പേർ ദുരിതമനുഭവിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കെട്ടിടങ്ങൾ തകരുകയും തീപിടിക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകരെന്നും പ്രധാനമന്ത്രി അറിയിച്ചു.
33,000 കുടുംബങ്ങൾ വൈദ്യുതിയില്ലാതെ ഇരുട്ടിലാണ്. പ്രധാന റോഡുകളും ദേശീയപാതകളുമടക്കം തകർന്നതോടെ സൈന്യത്തിന്റെയും മറ്റും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.
ഭൂകമ്പമാപിനിയിൽ 7.6 തീവ്രതരേഖപ്പെടുത്തിയ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 1.2 മീറ്റർ ഉയരത്തിലാണ് തിരമാലയടിച്ചത്. ചലനത്തിൽ വീടുകൾ തകരുകയും തീപ്പിടിത്തമുണ്ടാവുകയും ചെയ്തു. ആണവനിലയങ്ങൾ സുരക്ഷിതമാണെന്ന് സർക്കാർ അറിയിച്ചു.