ടോക്യോ: ജപ്പാനിലെ മധ്യ-പടിഞ്ഞാറൻ പ്രദേശത്തുണ്ടായ ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടങ്ങൾ. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലെ ഇന്ത്യൻ എംബസി കൺട്രോൾ റൂം തുറന്നു. എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.
അടിയന്തര കൺട്രോൾ റൂം ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ എംബസി അറിയിച്ചത്. +818039301715, +817014920049, +818032144734, +818062295382, +818032144722 എന്നിങ്ങനെയാണ് അടിയന്തര കോൺടാക്റ്റ് നമ്പറുകൾ. sscons.tokyo@mea.gov.in, offseco.tokyo@mea.gov.in, എന്നീ ഇമെയിൽ ഐഡികൾ വഴിയും ബന്ധപ്പെടം.
ജപ്പാനിൽ പുതുവത്സര ദിനത്തിൽ റിക്ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. 21 തുടർഭൂചലനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും റോഡുകളിൽ ഉൾപ്പെടെ വലിയ വിള്ളലുകളുണ്ടാവുകയും ചെയ്തു. വ്യാപകമായി വൈദ്യുതി ബന്ധവും തടസ്സപ്പെട്ടിരിക്കുകയാണ്.
സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നോട്ടോയിൽ അഞ്ച് മീറ്റർ ഉയരത്തിൽ തിരയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കൂടുതൽ തുടർ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ സർക്കാർ വക്താവ് അറിയിച്ചു.