ടെഹ്റാൻ: സിറിയയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ മുതിർന്ന ജനറൽ കൊല്ലപ്പെട്ടതിന് പിന്നാലെ പോരാട്ടം കനക്കുമെന്ന് മുന്നറിയിപ്പ്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ വിദേശ സൈനിക വിഭാഗമായ ക്വാഡ്സ് ഫോഴ്സിന്റെ മുതിർന്ന ഉപദേശകനായ റാസി മൗസവിയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്.
ഇതിന് പിന്നാലെ, ഇസ്രയേൽ ചെയ്ത ഈ ക്രിമിനൽ കുറ്റത്തിന് കനത്ത വില നൽകേണ്ടിവരുമെന്നാണ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി പ്രതികരിച്ചത്. സിറിയയിൽ ഇറാൻ സൈന്യത്തെ വിന്യസിക്കുന്നത് തടസപ്പെടുത്തുന്ന നടപടിയെടുക്കുന്ന ഇസ്രയേൽ പക്ഷേ ഈ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.
ശിറിയൻ തലസ്ഥാനമായ ഡമാസ്‌കസിന് പ്രാന്തപ്രദേശത്ത് സെയ്നാബിയാ ജില്ലയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലാണ് റാസി മൗസവി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇതിന്റെ വിദൂര ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണട്.
ബാഗ്ദാദിൽ 2020ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ക്വാഡ്സ് കമാൻഡർ ഖാസിം സുലൈമാനിയുടെ കൂട്ടാളിയായിരുന്നു റാസി മൗസവി. അടുത്ത ആഴ്ചയാണ് സുലൈമാനി വധത്തിന്റെ നാലാം വാർഷികാചരണം.