വാഷിംങ്ടണ്‍: ചെയ്യാത്ത കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ കഴിഞ്ഞത് 48 വര്‍ഷം. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം. 1975ല്‍ നടന്ന കൊലപാതകക്കേസിലാണ് വഴിത്തിരിവ്. ഗ്ലിന്‍ സിമ്മന്‍സ് എന്ന എഴുപതുകാരനെ കഴിഞ്ഞ ചൊവ്വാഴ്ച അരനൂറ്റാണ്ടിന് ശേഷം കുറ്റവിമുക്തനാക്കിയത്.
മദ്യക്കടയിലെ മോഷണവുമായി ബന്ധപ്പെട്ടു നടന്ന കൊലപാതകത്തിലായിരുന്നു ഗ്ലിന്‍ ശിക്ഷിക്കപ്പെട്ടത്. അമേരിക്കയില്‍ തെറ്റായി ശിക്ഷ വിധിക്കപ്പെട്ട കേസുകളില്‍ ഏറ്റവുമധികം ദിവസം ജയിലില്‍ ചെലവിട്ട വ്യക്തി ഇദ്ദേഹമാണെന്നാണ് റിപ്പോര്‍ട്ട്. കുറ്റം ചെയ്തത് സിമ്മന്‍സ് അല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
22ാം വയസിലാണ് ഗ്ലിന്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത്. മദ്യക്കടയില്‍ വെച്ച് കരോലിന്‍ സ്യു റോജേര്‍സ് എന്ന് ഒരു ക്ലര്‍ക്കിനെ രണ്ട് മോഷ്ടാക്കള്‍ വെടിവെച്ചുവെന്നായിരുന്നു കേസ്. ക്ലാര്‍ക്ക് റോബര്‍ട്ട്‌സ് എന്നയൊരാളും അറസ്റ്റിലായിരുന്നു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ താന്‍ ലൂയിസിയാനയിലെ തന്റെ വീട്ടിലാണെന്ന് ഗ്ലിന്‍ പലതവണ ആവര്‍ത്തിച്ചിരുന്നു. തലയ്ക്ക് പുറകില്‍ വെടിയേറ്റ ഒരു കൗമാരക്കാരന്‍ തിരിച്ചറിഞ്ഞതിന്റെ പേരിലാണ് സിമ്മന്‍സും റോബര്‍ട്‌സും ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ കുട്ടി മറ്റ് പലരെയും തിരിച്ചറിഞ്ഞതായി പറഞ്ഞിരുന്നു. 2008ല്‍ റോബര്‍ട്‌സ് പരോളില്‍ ഇറങ്ങിയിരുന്നു. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്ന നിരപരാധികള്‍ക്ക് 175,000 ഡോളറിന് അര്‍ഹതയുണ്ടെന്ന് ബിബിസി അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.