വാഷിങ്ടണ്‍: അതിശക്തമായ ചുഴലിക്കാറ്റില്‍ വീട് പിളര്‍ന്നുപോയി, നാല് മാസം പ്രായമായ കുഞ്ഞിന് അത്ഭുത രക്ഷ. അറെ സന്തോഷവും അമ്പരപ്പുമുണ്ടാക്കുന്ന വാര്‍ത്തയാണ് അമേരിക്കയിലെ ടെന്നിസിയില്‍ നിന്നു വരുന്നത്. കഴിഞ്ഞ ദിവസം വീശിയടിച്ച അതിശക്തമായ കാറ്റില്‍ നിന്നാണ് പിഞ്ചു കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 1.40 ഓടെയായിരുന്നു ശക്തമായ ചുഴലിക്കാറ്റ് വീശിയത്. 22കാരിയായ സിഡ്‌നി മൂറും കാമുകന്‍ അരാമിസ് യംഗ്ബ്ലഡും രണ്ടു മക്കളും താമസിക്കുന്ന വീടാണ് ചുഴലിക്കാറ്റില്‍ തകര്‍ന്നത്. മണിക്കൂറില്‍ 150 മൈല്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ഇവരുടെ മൂത്തമകന്‍ ഒരു വയസുകാരന്‍ പ്രിന്‍സ്റ്റണ്‍ ചാടിപ്പിടിച്ചപ്പോഴേക്കും ചുവരുകള്‍ മുഴുവനും ഇടിയാന്‍ തുടങ്ങി. നാല് മാസമായ കുഞ്ഞ് ലോഡ് ബാസ്‌ക്കറ്റിലായിരുന്നു. കുഞ്ഞിനെ എടുക്കുന്നതിനിടെ കാറ്റ് പറത്തിക്കൊണ്ടു പോയി. പിന്നാലെ അരാമിസ് ചാടിപ്പിടിക്കാന്‍ ശ്രമിച്ചെങ്കിലും വീണു പരിക്കേറ്റു.
അടുത്ത പത്ത് മിനിറ്റ് എന്തു ചെയ്യണമെന്ന് അറിയാതെ പരസ്പരം കരയാന്‍ മാത്രമാണ് കഴിഞ്ഞതെന്ന് ദമ്പതികള്‍ പറയുന്നു. കാറ്റ് ശമിച്ചപ്പോള്‍ കുഞ്ഞിനെ തിരക്കി ഇറങ്ങി. മരിച്ചെന്ന് ഉറപ്പിച്ചിരുന്നു. അന്വേഷണത്തിനിടെ വീട്ടില്‍ നിന്നും കുറച്ച് മാറി ഒരു മരക്കൊമ്പില്‍ കോര്‍ത്ത് ബാസ്‌ക്കറ്റും അതില്‍ കുഞ്ഞും സുരക്ഷിതരായിരുന്നു.
കുഞ്ഞിന് ആപത്തൊന്നും സംഭവിച്ചിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു. ആരോ അവനെ രക്ഷിച്ച് മരക്കൊമ്പില്‍ കോര്‍ത്തു വെച്ചതുപോലെയാണ് തോന്നിയതെന്നും മൂര്‍ പറഞ്ഞു. വീടും വാഹനവും സമ്പാദ്യവുമെല്ലാം നഷ്ടമായ കുടുംബത്തിന് വേണ്ടി ഒരു ഫണ്ട് റേയിസിങ് പേജ് തുടങ്ങിയിട്ടുണ്ട്. ആ പേജിലാണ് ഇക്കാര്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കനത്ത നാശനഷ്ടമുണ്ടാക്കിയ ചുഴലിക്കാറ്റില്‍ മൂന്ന് പേര്‍ മരണപ്പെട്ടിരുന്നു, 62 പേര്‍ക്ക് പരിക്കേറ്റു.