ഗാസ: ഗാസയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴു മണി മുതലാണ് വെടിനിര്‍ത്തലെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. വൈകീട്ട് നാലുമണിക്ക് ബന്ദികളുടെ ആദ്യ ബാച്ചിലെ ആളുകളെ കൈമാറും.
കൈമാറുന്ന ബന്ദികളുടെ ലിസ്റ്റ് ഇസ്രയേല്‍ ഇന്റലിജന്‍സ് വിഭാഗത്തിന് കൈമാറി. നാല് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഖത്തറാണ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്നത്.
പ്രായമുള്ള സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 13 ബന്ദികളെ ഹമാസ് വിട്ടയയ്ക്കുമെന്ന് ഖത്തര്‍ വ്യക്തമാക്കി. ബന്ദികളുടെ ആദ്യബാച്ചിനെ റെഡ്‌ക്രോസിനാണ് കൈമാറുക. നാലു ദിവസത്തിനുള്ളില്‍ 50 ബന്ദികളെ മോചിപ്പിക്കാനാണ് കരാറെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി പറഞ്ഞു. ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും ധാരണയായി.