ഗാസ: ഇസ്രയേൽ-ഹമാസ് സംഘർഷത്തിന് താത്കാലികമായി അറുതിയാകുന്നു. ഇസ്രയേലുമായുള്ള താത്കാലിക യുദ്ധവിരാമ കരാറിന് അരികിലാണെന്ന് ഹമാസ് തലവൻ ഇസ്മായിൽ ഹാനിയേ പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഈ നിലപാട് ഖത്തർ മധ്യസ്ഥരെ അറിയിച്ചതായും ഹാനിയേ കൂട്ടിച്ചേർത്തു. അതേസമയം, ഗാസയ്ക്കു നേരെയുള്ള ഇസ്രയേൽ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. ഒരുമാസത്തിൽ അധികമായി തുടരുന്ന ആക്രമണങ്ങളിൽ ഇരുപക്ഷത്തും ആയിരക്കണക്കിന് ആളുകൾക്കാണ് ജീവൻ നഷ്ടമായത്.
ഇസ്രയേലും ഹമാസും തമ്മിൽ കരാറിലെത്തിയാൽ ഇസ്രയേലിൽ നിന്നും പിടികൂടി തടവിലാക്കിയ ബന്ദികളെ മോചിപ്പിച്ചേക്കും. ബന്ദികളെ മോചിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഇസ്രയേലും ഹമാസും തമ്മിൽ കരാറിലെത്തിയേക്കുമെന്ന് തിങ്കളാഴ്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും സൂചിപ്പിച്ചിരുന്നു.
ALSO READ- തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ ഒമ്‌നി കാറിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി, ഒഴിവായത് വന്‍ അപകടം
ഒക്ടോബർ ഏഴിനാണ് ഇസ്രയേലിലേക്ക് ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നാലെ ഹമാസ് 240-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതോടെ ആരംഭിച്ച യുദ്ധം ഗാസയെ ശവപ്പറമ്പാക്കി മാറ്റിയിരുന്നു.